ടിഡിപിയുടെ വിജയം ജനവിധിയല്ല, തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ആരോപണവുമായി വീണ്ടും ജഗൻ
text_fieldsവൈ.എസ്. ജഗൻ മോഹൻ റെഡ്ഡി
അമരാവതി: വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി വ്യാഴാഴ്ച മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടത്തിയും ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്തും രാഷ്ട്രീയ നേട്ടത്തിനായി ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്ക് നായിഡു കോട്ടം വരുത്തിയെന്നാണ് ജഗന്റെ ആരോപണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ നടന്നതായി ആരോപിക്കുന്ന ക്രമക്കേടുകളെ ജനാധിപത്യത്തെ ആസൂത്രിതമായി അട്ടിമറിക്കാനുള്ള നീക്കമെന്നാണ് ജഗൻ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ നടന്നിരുന്നെങ്കിൽ ചന്ദ്രബാബു നായിഡുവിന് വിജയിക്കാനാകുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
നാമനിർദേശ സമർപ്പണം മുതൽ വോട്ടെണ്ണൽ വരെയുള്ള തെരഞ്ഞെടുപ്പ് നടപടികളിൽ ഭരണകക്ഷി ഇടപെട്ട് അട്ടിമറി നടത്തിയെന്നും, പ്രതിപക്ഷ സ്ഥാനാർഥികളെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനും എതിർശബ്ദങ്ങളെ അടിച്ചമർത്താനും പൊലീസിനെയും ഭരണസംവിധാനങ്ങളെയും ദുരുപയോഗം ചെയ്തതായും ജഗൻ ആരോപിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര തെരഞ്ഞെടുപ്പ് അതോറിറ്റിയായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടെന്നും പകരം ഭരണകക്ഷിയുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കൂടാതെ ജനാധിപത്യത്തെ സംരക്ഷിക്കേണ്ട പൊലീസ്, ഭരണസംവിധാനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പൊതുജനങ്ങൾക്കിടയിലെ വിശ്വാസ്യത നഷ്ടപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.
“ചന്ദ്രബാബു നായിഡു വിജയിച്ചെങ്കിലും പരാജയപ്പെട്ടു. ഞങ്ങൾ പരാജയപ്പെട്ടെങ്കിലും ജനങ്ങളുടെ ഹൃദയങ്ങളിൽ വിജയിച്ചു,” എന്നായിരുന്നു ജഗന്റെ പ്രതികരണം. വൈഎസ്ആർസിപിയുടെ തെരഞ്ഞെടുപ്പ് പരാജയം ജനങ്ങൾ പാർട്ടിയെ തള്ളിക്കളഞ്ഞതിന്റെ തെളിവല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ഇത് വെറുമൊരു തെരഞ്ഞെടുപ്പ് പോരാട്ടമല്ല, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വോട്ടവകാശം വിനിയോഗിക്കാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും മറ്റ് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള പോരാട്ടം തുടരും,” -അദ്ദേഹം വ്യക്തമാക്കി.

