Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുപിയിൽ അധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ, സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

text_fields
bookmark_border
യുപിയിൽ അധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി;   മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ,   സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
cancel

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ 27കാരിയായ അധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 മുതൽ ഗോരഖ്പൂർ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന റാണി വിശ്വകർമയാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച ശമ്പളം വാങ്ങാനായി സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് റാണി വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ പിന്നീട് തിരിച്ചെത്തിയില്ല. അന്നുതന്നെ ദിയോറ ജില്ലയിലെ രുദ്രാപൂർ മേഖലയിൽ റോഡരികിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്ത് തിരിച്ചറിയൽ രേഖകളോ മറ്റ് സാധനങ്ങളോ ഇല്ലാത്തതിനാൽ ആദ്യം ആളെ തിരിച്ചറിയാനായില്ല. തുടർന്ന് മൃതദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് റാണിയെ തിരിച്ചറിഞ്ഞത്.

റാണിയുമായി കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രണയബന്ധത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ യുവതി സമ്മർദം ചെലുത്തിയിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച കാറിൽ ഒപ്പം വരാൻ റാണിയോട് ആവശ്യപ്പെട്ട പ്രതി, യാത്രയ്ക്കിടെ വാഹനം നിർത്തി സംസാരിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, റാണിയുടെ ശമ്പളത്തിന്റെ ഒരു ഭാഗം പ്രിൻസിപ്പൽ തടഞ്ഞുവെച്ചിരുന്നുവെന്ന് സഹോദരി രാഗിണി ആരോപിച്ചു. കുടിശ്ശിക വാങ്ങാനാണ് റാണി സ്കൂളിലേക്ക് പോയതെന്നും ശമ്പളത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം സംശയിക്കുന്നു.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് റാണിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചു. പ്രതിയുടെ സ്കൂളും വീടുകളും പൊളിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - “Teacher strangled to death in Uttar Pradesh; body found dumped in bushes; school principal arrested.”
Next Story