കോടതിയിൽ നിന്ന് തിരിച്ചെത്തിയ 16കാരൻ ജുവനൈൽ ഹോമിൽ മരിച്ചു; കൊല്ലപ്പെട്ടതെന്ന് കുടുംബം
text_fieldsഭബുവ: ബിഹാറിലെ കൈമൂർ ജില്ലയിൽ ജുവനൈൽ ഹോമിൽ കഴിയുകയായിരുന്ന 16കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു മരണം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം അന്വേഷണം ആവശ്യപ്പെട്ടു.
ഛാവണി പ്രദേശത്തെ വാർഡ് 10ൽ താമസിക്കുന്ന നിസാമുദ്ദീൻ റെയിന്റെ മകനാണ് മരിച്ചത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു.
ഉച്ചയോടെ കോടതിയിൽ ഹാജരാക്കിയപ്പോൾ കുട്ടി കുടുംബാംഗങ്ങളെ കാണുകയും സാധാരണ രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. കോടതി നടപടികൾക്ക് ശേഷം ജുവനൈൽ ഹോമിലേക്ക് തിരിച്ചുകൊണ്ടുപോയി. പിന്നീട് ഒരു മണിക്കൂറുനുള്ളിൽ കുട്ടി മരിച്ചതായി കുടുംബത്തെ അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
മരണത്തിൽ സംശയം പ്രകടിപ്പിച്ച കുടുംബം കുട്ടി കൊല്ലപ്പെട്ടതാകാമെന്നും ആരോപിച്ചു.
സംഭവത്തിൽ പൊലീസിനോ ഭരണകൂട ഉദ്യോഗസ്ഥർക്കോ പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. മരണവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേർ ആശുപത്രിയിലെത്തി.
അതേസമയം കുട്ടി ശുചിമുറിയിൽ വീണ് പരിക്കേറ്റതാകാമെന്നാണ് അധികൃതരുടെ പ്രാഥമിക വിശദീകരണം. കോടതിയിൽനിന്ന് തിരിച്ചെത്തിയ ശേഷം കുട്ടി ശുചിമുറിയിൽ പോയെന്നും ഏറെ നേരം പുറത്തുവരാതിരുന്നതിനെ തുടർന്ന് ജുവനൈൽ ഹോമിലെ മറ്റ് കുട്ടികൾ അധികൃതരെ വിവരമറിയിച്ചെന്നുമാണ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അമിത് കുമാർ പറഞ്ഞത്. വാതിൽ തുറന്നപ്പോൾ കുട്ടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയെന്നാണ് ജുവനൈൽ ഹോം അധികൃതർ നൽകിയ റിപ്പോർട്ടിലുള്ളത്.
ശുചിമുറിയിൽ തെന്നിവീണ് പരിക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും അന്തിമ കാരണം പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമേ വ്യക്തമാകൂവെന്നും അധികൃതർ അറിയിച്ചു.
മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഫൊറൻസിക് പരിശോധനയും പുരോഗമിക്കുകയാണ്. കുടുംബം ഉന്നയിച്ച ആരോപണങ്ങളടക്കം പരിശോധിച്ച് സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തിവരികയാണെന്നും പോസ്റ്റ്മോർട്ടം, ഫൊറൻസിക് പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

