കടം തീർക്കാൻ നഗ്നപൂജ നടത്തി; പ്രതികളെ അന്വേഷിച്ച് പൊലീസ്
text_fieldsrepresentational image
ബംഗളൂരു: പിതാവ് കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് മകനെ നഗ്നനാക്കി പൂജ ചെയ്യിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. കർണാടകയിലെ കൊപ്പൽ ടൗണിലെ 15 വയസുകാരനെയാണ് 'ബെട്ടാലു സേവ' എന്ന പ്രാകൃതവും നിരോധിച്ചതുമായ പൂജാ രീതിക്ക് വിധേയനാക്കിയത്. വീടിന്റെ നിർമാണത്തിനായി കുട്ടിയുടെ പിതാവ് ഒരാളിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ തുക തിരിച്ചടക്കാൻ പിതാവിന് കഴിയാതെ വന്നപ്പോൾ, നഗ്നനായി ദൈവത്തെ ആരാധിക്കണമെന്ന് പണം നൽകിയയാൾ കുട്ടിയെ നിർബന്ധിച്ചു.
പിതാവിന്റെ എല്ലാ പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കാനാവുമെന്നും ഇയാൾ കുട്ടിയെ വിശ്വസിപ്പിച്ചു. ഇൗ വർഷം ജൂണിലാണ് സംഭവം നടന്നതെങ്കിലും പൂജയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പുറംലോകം അറിയുന്നത്. തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പൂജക്ക് മുമ്പ്, കടം തിരിച്ചടക്കുന്നതിന് കർണാടകയിലെ ഹുബ്ബാലിയിൽ ദിവസക്കൂലിക്ക് കുട്ടി ജോലി ചെയ്തിരുന്നു. ഇവിടെ നിന്നാണ് കുട്ടിയെ രഹസ്യകേന്ദ്രത്തിലെത്തിച്ച ശേഷം വിവസ്ത്രനാക്കി പൂജ ചെയ്യിപ്പിച്ചത്. ഇതിന്‍റെ വിഡിയോയും പകർത്തി.
ചടങ്ങുകൾക്ക് ശേഷം കുട്ടിയെ മംഗലാപുരത്തേക്ക് കൊണ്ട് പോവുകയും സ്വകാര്യ നിർമാണ സ്ഥലത്ത് ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു. മൂന്ന് മാസത്തിന് ശേഷം, പൂജയുടെ വിഡിയോ കണ്ടതോടെയാണ് കുട്ടിയുടെ രക്ഷിതാക്കൾ സംഭവം അറിയുന്നത്. തുടർന്ന് കൊപ്പൽ റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.