തേജസ് ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം
text_fieldsന്യൂഡൽഹി: റെയിൽവേക്ക് കീഴിലുള്ള ഐ.ആർ.സി.ടി.സി ഒക്ടോബർ നാലിനു തുടങ്ങുന്ന ഡൽഹി-ലഖ്നോ തേജസ് എക്സ്പ്രസ് വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകും. ഒരു മണിക്കൂറിലേറെ വൈകിയാൽ നൂറു രൂപയും രണ്ടു മണിക്കൂറിലേറെ വൈകിയാൽ 250 രൂപയുമാണ് ലഭിക്കുക. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. തേജസ് ട്രെയിൻ യാത്രക്കാർക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്ര സമയത്ത് വീട്ടിൽ മോഷണമുണ്ടായാൽ ഒരുലക്ഷം രൂപകൂടി ലഭിക്കുന്നതാണ് ഈ ഇൻഷുറൻസ്.
ന്യൂഡൽഹി-ലഖ്നോ തേജസ് ട്രെയിൻ ആഴ്ചയിൽ ആറുദിവസമാണ് സർവിസ് നടത്തുന്നത്. എ.സി ചെയർ കാറിന് 1125 രൂപയാണ് നിരക്ക്. യാത്രക്കിടെ വെൻഡിങ് മെഷീനിലൂെട സൗജന്യമായി ചായയും കാപ്പിയും ലഭിക്കും. വിമാനത്തിലെന്ന പോലെ ഭക്ഷണവും ലഭിക്കും.
ബ്രിട്ടൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ട്. ജപ്പാനിലും പാരിസ് ഉൾപ്പെടെയുള്ള ചില നഗരങ്ങളിൽ ട്രെയിൻ വൈകിയാൽ റെയിൽവേ കമ്പനികൾ യാത്രക്കാർക്ക് ഇതുസംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകാറുണ്ട്. സ്കൂളുകളിലും ഓഫിസുകളിലും സർവകലാശാല പരീക്ഷകളിലും വൈകി എത്തുന്നവർക്ക് തെളിവായി ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാം. അഞ്ചു മിനിറ്റ് വൈകിയാൽ റെയിൽവേ സ്റ്റേഷനുകളിൽനിന്ന് സർട്ടിഫിക്കറ്റ് നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.