ബിഹാറിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് തേജസ്വി യാദവ്; ഇനി താനെങ്ങനെ മൽസരിക്കുമെന്നും യാദവ്
text_fieldsപട്ന: ബിഹാറിലെ കരട് വോട്ടർ പട്ടികയിൽനിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന ആരോപണവുമായി തേജസ്വി യാദവ്. എസ്.ഐ.ആർ പോർട്ടലിൽ ആവശ്യമായ ഫോം പൂരിപ്പിച്ച് ബൂത്ത് ലെവൽ ഓഫിസർക്ക് സമർപ്പിച്ചെങ്കിലും പുതുക്കിയ പട്ടികയിൽ തന്റെ പേര് പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും തേജസ്വി കൂട്ടിച്ചേർത്തു.
‘ഇപ്പോൾ എന്റെ ആശങ്ക, ഞാൻ എങ്ങനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ്? ഒരു പൗരനായിരിക്കുക എന്നതാണ് അതിനുള്ള അടിസ്ഥാന യോഗ്യത’യെന്നും പത്രസമ്മേളനത്തിൽ തേജസ്വി യാദവ് പറഞ്ഞു.
എന്നാൽ, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ അദ്ദേഹത്തിന്റെ അവകാശവാദത്തെ എതിർത്തു. ബി.ജെ.പി നേതാവ് അമിത് മാളവ്യയും എസ്.ഐ.ആർ കരടിന്റെ സ്‌ക്രീൻഷോട്ട് പങ്കിട്ടു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാൻ മാളവ്യ തേജസ്വിയോട് ആവശ്യപ്പെട്ടു.
‘വ്യാജ വാർത്താ മുന്നറിയിപ്പ്. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പോസ്റ്റിലെ വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നഷ്ടപ്പെട്ടുവെന്ന തേജസ്വി യാദവിന്റെ അവകാശവാദം തെറ്റാണ്. സീരിയൽ നമ്പർ 416 ൽ അദ്ദേഹത്തിന്റെ പേര് കാണാം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കും മുമ്പ് ദയവായി വസ്തുതകൾ പരിശോധിക്കുക. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമങ്ങൾ നീക്കണം’ -മാളവ്യ ‘എക്‌സി’ൽ എഴുതി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ വേളയിൽ 65 ലക്ഷത്തിലധികം എണ്ണൽ ഫോമുകൾ കരടുവോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിന്റെ ഫലമായി രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ആകെ എണ്ണം 7.9 കോടിയിൽ നിന്ന് 7.24 കോടിയായി കുറഞ്ഞു.
ഈ സാഹചര്യത്തിലും കൂടിയാണ് തേജസ്വിയുടെ പ്രതികരണം. രാഷ്ട്രീയ പാർട്ടികളെ പുറത്തുനിർത്തി കൂട്ടത്തോടെ ഇല്ലാതാക്കൽ, ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വോട്ടർമാരെ മനഃപൂർവ്വം ലക്ഷ്യം വച്ചുള്ളതാണെന്നും വാർത്താസമ്മേളനത്തിൽ തേജസ്വി അവകാശപ്പെട്ടു. അത്തരം പരിഷ്കാരങ്ങളെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ നിർദേശം അവഗണിച്ചതിനും പ്രതിപക്ഷ പാർട്ടികൾ നൽകിയ നിർദേശങ്ങളിൽ നടപടിയെടുക്കാത്തതിനും കമീഷനെ യാദവ് വിമർശിച്ചു. ‘ആരുടെയും പേരുകൾ നീക്കം ചെയ്യില്ലെന്ന് അവർ പറഞ്ഞു. പക്ഷേ, ദരിദ്രരായ വോട്ടർമാരെ അനുപാതമില്ലാതെ ലക്ഷ്യമിടുന്നു എന്നതാണ് യാഥാർത്ഥ്യം’ -തേജസ്വി ഉറപ്പിച്ചു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.