ബിഹാർ: ‘ഇൻഡ്യ’യുടെ മുഖ്യമന്ത്രി മുഖമായി തേജസ്വി
text_fieldsന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി അധ്യക്ഷനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ഇൻഡ്യ മുന്നണിയുടെ മുഖ്യമന്ത്രി മുഖമാകും.
തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിൽ സഖ്യകക്ഷികളിൽ അഭിപ്രായവ്യത്യാസമില്ലെന്ന് ആർ.ജെ.ഡി വക്താവ് ശക്തി സിങ് യാദവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇൻഡ്യ മുന്നണി പാർട്ടികളുടെ ഏകോപന സമിതി യോഗം തേജ്വസിയുടെ വസതിയിൽ ചേർന്നിരുന്നു. സീറ്റ് വിഭജവുമായി ബന്ധപ്പെട്ട യോഗമാണ് നടന്നത്.
ആറ് മണിക്കൂറോളം നീണ്ട യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ച ആരംഭിച്ചതായി യോഗശേഷം തേജസ്വി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്ത്രീകൾ, യുവാക്കൾ, കർഷകർ, തൊഴിൽ എന്നിവ തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കൊണ്ടുവരാൻ യോഗം തീരുമാനിച്ചു. ഒക്ടോബർ -നവംബർ മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.
പാർലമെന്ററി പാർട്ടി യോഗം വിളിച്ച് കോൺഗ്രസ്
ന്യൂഡൽഹി: ജുലൈ 21ന് ആരംഭിക്കുന്ന വർഷകാല പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചൊവ്വാഴ്ച കോൺഗ്രസ് എം.പിമാരുടെ യോഗം വിളിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും ചർച്ച ചെയ്യുകയാണ് ലക്ഷ്യം. പഹല്‍ഗാം ഭീകരാക്രമണത്തിലെ സുരക്ഷ വീഴ്ച, ഓപറേഷന്‍ സിന്ദൂർ എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തയാറായിരുന്നില്ല. വർഷകാല സമ്മേളനത്തിൽ ഈ വിഷയങ്ങൾ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷന്റെ തിരക്കിട്ടുള്ള പ്രത്യേക വോട്ടർപട്ടിക പരിഷ്‍കരണ വിവാദവും കത്തിനിൽക്കുന്നുണ്ട്. ഈ വിഷയവും കോൺഗ്രസ് ഏറ്റെടുത്തേക്കും. കോൺഗ്രസ് നേതൃത്വവുമായി അകന്ന തിരുവനന്തപുരം എം.പി ശശി തരൂർ വിദേശ പര്യടനത്തിലായതിനാൽ യോഗത്തിൽ പങ്കെടുക്കില്ല.
ഒരുകോടി തൊഴിൽവാഗ്ദാനവുമായി നിതീഷ് കുമാർ
പട്‌ന: അഞ്ചു വർഷത്തിനുള്ളിൽ ഒരുകോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. യുവാക്കളെ സ്വയം തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന നൈപുണ്യ വികസന പരിശീലനം നൽകാനായി ജനനായക് കർപുരി താക്കൂർ സ്‌കിൽ യൂനിവേഴ്‌സിറ്റി സ്ഥാപിക്കും.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിതീഷിന്റെ പ്രഖ്യാപനം. സ്വകാര്യ മേഖലയിൽ, പ്രത്യേകിച്ച് വ്യവസായിക മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിനായി, ഉന്നതതല സമിതി രൂപവത്കരിക്കുമെന്ന് അദ്ദേഹം എക്‌സിലെ പോസ്റ്റിൽ കുറിച്ചു.
സംസ്ഥാനത്ത് ഇതുവരെ 10 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലികൾ നൽകി. ഏകദേശം 39 ലക്ഷം പേർക്ക് തൊഴിൽ നൽകി. 50 ലക്ഷത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലി നൽകുകയെന്ന ലക്ഷ്യം കൈവരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.