ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ ടെസ്‌ലക്ക് താൽപര്യമില്ല; ഷോറൂമുകൾ നിർമിക്കാമെന്ന്
text_fieldsന്യൂഡൽഹി: ആഗോള ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ലക്ക് ഇന്ത്യയിൽ കാറുകൾ നിർമിക്കാൻ താൽപര്യമില്ലെന്നും പക്ഷേ രാജ്യത്ത് ഷോറൂമുകൾ സ്ഥാപിക്കാൻ താൽപര്യമുണ്ടെന്നും കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്.ഡി കുമാരസ്വാമി. ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ മാർഗ നിർദേശങ്ങളുടെ പ്രഖ്യാപനത്തിനായി നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
എന്നാൽ ഹ്യുണ്ടായ്, മെഴ്‌സിഡസ് ബെൻസ്, സ്കോഡ, കിയ തുടങ്ങിയ നിരവധി യൂറോപ്യൻ കമ്പനികൾ പുതിയ ഇ.വി നയത്തിന് കീഴിൽ ഇന്ത്യയിലെ നിർമാണ യൂനിറ്റുകളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2022 ൽ പ്രഖ്യാപിച്ച പുതിയ ഇലക്ട്രിക് വാഹന നയം ഇന്ത്യയിൽ നിക്ഷേപം നടത്തുകയും നിർമാണ യൂനിറ്റുകൾ സ്ഥാപിക്കുകയും ചെയ്യുന്ന കമ്പനികൾക്ക് നിരവധി ഇളവുകൾ നൽകിയിട്ടുണ്ട്.
എന്നാൽ, ഇതുവരെ അവർ (ടെസ്‌ല) താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്കായുള്ള ആദ്യ റൗണ്ട് ചർച്ചകളിൽ മാത്രമാണ് ടെസ്‌ല പ്രതിനിധി പങ്കെടുത്തത്. രണ്ടാമത്തെയും മൂന്നാമത്തെയും റൗണ്ട് സ്റ്റേക്ക്‌ഹോൾഡർ ചർച്ചകളിൽ കമ്പനിയുടെ പ്രതിനിധി പങ്കെടുത്തില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
കമ്പനിയുടെ ഭാരിച്ച ബാധ്യതകൾ കാരണം തന്റെ ഇന്ത്യാ സന്ദർശനം വൈകിയതായി ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് കഴിഞ്ഞ വർഷം ഏപ്രിലിൽ പറഞ്ഞിരുന്നു. ടെസ്‌ല ഇന്ത്യയിൽ ഒരു ഫാക്ടറി നിർമിച്ചാൽ ആ രാജ്യത്തിന്റെ താരിഫ് ഒഴിവാക്കാൻ നിർബന്ധിക്കുന്ന പക്ഷം അത് യു.എസിനോട് ചെയ്യുന്ന അന്യായമായിരിക്കും എന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.