കോൺ. തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികക്കായി തരൂരും കൂട്ടരും
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും ന്യായയുക്തവുമാകണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ അടക്കം അഞ്ച് എം.പിമാർ പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിക്ക് കത്തയച്ചു. വോട്ടർ പട്ടിക എ.ഐ.സി.സി ആസ്ഥാനത്ത് ലഭ്യമാണെന്നും സ്ഥാനാർഥികൾക്ക് വന്ന് പരിശോധിക്കാമെന്നും മിസ്ത്രി മറുപടി നൽകി. മറുപടിയിൽ തൃപ്തനാണെന്നും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തെ പിന്തുണക്കുന്നതായും പിന്നാലെ തരൂർ ട്വീറ്റ് ചെയ്തു.
കാർത്തി ചിദംബരം, മനീഷ് തിവാരി, പ്രദ്യുത് ബൊദലായ്, അബ്ദുൽ ഖാലിക് എന്നിവരാണ് തരൂരിനൊപ്പം മിസ്ത്രിക്ക് കത്തയച്ച മറ്റ് എം.പിമാർ. എല്ലാ വോട്ടർമാർക്കും സ്ഥാനാർഥികളാകാൻ സാധ്യതയുള്ളവർക്കും വോട്ടർപട്ടിക നൽകണമെന്ന് അഞ്ചുപേരും ചേർന്നയച്ച കത്തിൽ ആവശ്യപ്പെട്ടു.
ആരെങ്കിലും ദുരുപയോഗിക്കാൻ സാധ്യതയുള്ള പാർട്ടിയുടെ ആഭ്യന്തരരേഖകൾ എന്തെങ്കിലും പരസ്യപ്പെടുത്തണമെന്നല്ല ആവശ്യപ്പെടുന്നത്. നാമനിർദേശ പത്രിക നൽകിത്തുടങ്ങുന്നതിനുമുമ്പ് പക്ഷേ, വോട്ടർപട്ടിക എല്ലാവർക്കും ലഭ്യമാക്കേണ്ടതുണ്ട്. സ്ഥാനാർഥിയെ നോമിനേറ്റ് ചെയ്യാൻ അർഹത ആർക്കൊക്കെയെന്ന് പരിശോധിക്കാൻ വോട്ടർ പട്ടിക കിട്ടാതെ പറ്റില്ല.
വോട്ടർ പട്ടിക പുറത്തിറക്കുന്നതിൽ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് എന്തെങ്കിലും ഉത്കണ്ഠയുണ്ടെങ്കിൽ, സുരക്ഷിതമായി പട്ടിക പങ്കുവെക്കുന്നതിന് സംവിധാനം ഒരുക്കണം. പട്ടിക പരിശോധിക്കുന്നതിനായി സ്ഥാനാർഥികൾക്കോ വോട്ടർമാർക്കോ പി.സി.സികളിൽ പോകാൻ പറ്റിയെന്നുവരില്ലെന്നും അവർ പറഞ്ഞു.
പട്ടിക രഹസ്യമല്ലെങ്കിലും, എല്ലാവർക്കും നേരിട്ട് നൽകാൻ പറ്റില്ലെന്നാണ് എ.ഐ.സി.സി നിലപാട്. അതത് പി.സി.സി ആസ്ഥാനങ്ങളിൽ ചെന്നാൽ പട്ടിക പരിശോധിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും നേരത്തേ എ.ഐ.സി.സി വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.