22 വർഷമായിട്ടും വാഗ്ദാനം പാലിക്കപ്പെട്ടില്ല: വീരമൃത്യു വരിച്ച ജവാന്‍റെ അമ്മ ശൗര്യചക്ര തിരികെ നൽകാനൊരുങ്ങുന്നു
text_fieldsഇംഫാൽ: 22 വർഷം മുമ്പ് മണിപ്പൂരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മുൻ അസിസ്റ്റന്‍റ് കമാൻഡന്‍റർ വിവേക് സക്‌സേനയുടെ ശൗര്യ ചക്രയും മെഡലുകളും പാരിതോഷികങ്ങളും തിരികെ നൽകാൻ തയ്യാറെന്ന് അറിയിച്ച് 80 വയസുകാരിയായ അമ്മ. വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതിലുള്ള വർഷങ്ങളായുള്ള നിരാശയ്ക്കൊടുവിലാണ് സാവിത്രി സക്‌സേനയുടെ ഈ തീരുമാനം. വർഷമിത്രയും സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്ന് സാവിത്രി പറഞ്ഞു.
2003 ജനുവരി 8ന് വിവേക് വീരമൃത്യു വരിച്ചതിന് പിന്നാലെ ഗ്രാമീണ ക്വാട്ടയിൽ ഭൂമിയും ഒരു സ്മാരക പാർക്കും സർക്കാർ കുടുംബത്തിന് വാഗ്ദാനം ചെയ്തിരുന്നതായി രഞ്ജിത്ത് പറയുന്നു. രണ്ട് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും ഈ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. 2016ൽ അന്നത്തെ ലഖ്‌നോ ജില്ലാ മജിസ്‌ട്രേറ്റ് രാജ് ശേഖർ ഈ വിഷയം ശ്രദ്ധിക്കുകയും വിവിധ വകുപ്പുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ 15 ദിവസത്തിനകം അന്വേഷണം നടത്തി സ്മാരകത്തിനും ഭൂമി അനുവദിക്കുന്നതിനുമുള്ള നടപടികൾ ആരംഭിക്കാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന് അദ്ദേഹം നിർദ്ദേശം നൽകി. ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ അന്ന് ആരംഭിച്ചെങ്കിലും, പിന്നീട് ഉത്തർപ്രദേശിലെ തങ്ങളുടെ സ്ഥിരതാമസം തെളിയിക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടതായി സഹോദരൻ രഞ്ജിത്ത് പറഞ്ഞു.
"ഞങ്ങൾ വളർന്നതും പഠിച്ചതുമെല്ലാം ഇവിടെയാണ്, എന്‍റെ സഹോദരന്റെ സ്മാരകം എയർഫോഴ്സ് സ്റ്റേഷൻ മെമോറയിലുണ്ട്. എന്നിട്ടും വിവാഹത്തിന് മുമ്പ് ഞങ്ങളുടെ അമ്മ എവിടെയാണ് താമസിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു," രഞ്ജിത്ത് പറഞ്ഞു. കുടുംബം സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും അവർ ഉത്തർപ്രദേശിലെ യഥാർഥ താമസക്കാരാണോ എന്ന് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന് അറിയിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.
ഉത്തർപ്രദേശ് സർക്കാർ ഇതേ വിലാസത്തിൽ കുടുംബത്തിന് 75,000 രൂപയുടെ ചെക്ക് നൽകിയതായി കാണിക്കുന്ന പഴയ ഒരു രസീത് പിന്നീട് രഞ്ജിത്ത് കണ്ടെത്തി. നേരത്തെ സർക്കാർ ഫണ്ടുകൾ ഇതേ വിലാസത്തിൽ നൽകിയിരിക്കെ എന്തിനാണ് കുടുംബത്തോട് ഇപ്പോൾ സ്ഥിരതാമസം തെളിയിക്കാൻ ആവശ്യപ്പെടുന്നതെന്നാണ് കുടുംബത്തിന്‍റെ ചോദ്യം.
ശൗര്യചക്രയോടനുബന്ധിച്ചുള്ള പാരിതോഷികം ലഭിക്കാൻ കുടുംബത്തിന് 2024 വരെ കാത്തിരിക്കേണ്ടി വന്നതായും രഞ്ജിത്ത് പറഞ്ഞു. പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർ വിമുഖത കാണിച്ചതോടെ ഈ ഫയൽ മാസങ്ങളോളം കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 80ാം വയസിൽ സർക്കാർ ഓഫിസുകൾ കയറിയിറങ്ങാൻ തനിക്ക് ഇനി ശക്തിയില്ലെന്ന് സാവിത്രി ദേവി പറഞ്ഞു. 2003 ജനുവരി 8ന് മണിപ്പൂരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് മകൻ വിവേക് വീരമൃത്യു വരിച്ചത്. തുടർന്ന് അദ്ദേഹത്തെ ശൗര്യചക്രയും രാഷ്ട്രപതിയുടെ പൊലീസ് മെഡലും നൽകി ആദരിച്ചിരുന്നു. പരാതിയെ തുടർന്ന്, വിഷയത്തിൽ അന്വേഷണം നടത്താനും ഒരാഴ്ചയ്ക്കകം പരിഹാരം ഉറപ്പാക്കാനും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

