Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ന്യൂയോർക്ക്...

‘ന്യൂയോർക്ക് ടൈംസി’നെതിരെ കേന്ദ്രം; ‘കശ്മീരിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം കെട്ടുകഥ’

text_fields
bookmark_border
‘ന്യൂയോർക്ക് ടൈംസി’നെതിരെ കേന്ദ്രം; ‘കശ്മീരിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം കെട്ടുകഥ’
cancel

ന്യൂഡൽഹി: കശ്മീരിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ച ന്യൂയോർക്ക് ടൈംസിനെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്നു. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യവും മറ്റു മൗലികാവകാശങ്ങളും അങ്ങേയറ്റം പവിത്രമാണെന്നും കശ്മീരിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ന്യൂയോർക്ക് ടൈംസ് പ്രചരിപ്പിച്ച നുണ അപലപനീയമാണെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ പ്രതികരിച്ചു.

ഇത്തരം ഭിന്നിപ്പിന്റെ അജണ്ടയുടെ മനഃസ്ഥിതി ഇന്ത്യക്കാർ ഈ മണ്ണിൽ അനുവദിക്കില്ലെന്ന് ഠാകുർ പറഞ്ഞു. ‘കശ്മീർ ടൈംസ്’ എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ കശ്മീരിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ‘ന്യൂയോർക്ക് ടൈംസ്’ പത്രത്തിൽ എഴുതിയ ലേഖനത്തിൽ ഇന്ത്യൻ മാധ്യമരംഗം സെൻസർഷിപ്പിനെ ഭയക്കുകയാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളും കശ്മീർ പോലെയാകുകയാണെന്നും കുറ്റപ്പെടുത്തിയതിനെതിരെയാണ് രൂക്ഷവിമർശനവുമായി കേന്ദ്ര സർക്കാർ രംഗത്തുവന്നത്.

കശ്മീരിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനം ദോഷഫലങ്ങളുണ്ടാക്കുന്ന കെട്ടുകഥയാണെന്നും ഇന്ത്യക്കും അതിന്റെ ജനാധിപത്യ സ്ഥാപനങ്ങൾക്കും മൂല്യങ്ങൾക്കുമെതിരായ പ്രചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചതാണെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യൻ ജനാധിപത്യവും ഇന്ത്യക്കാരും വളരെ പക്വതയുള്ളവരാണെന്നും ജനാധിപത്യത്തിന്റെ വ്യാകരണം ഇത്തരം അജണ്ടകളുള്ള മാധ്യമങ്ങളിൽ നിന്ന് പഠിക്കേണ്ട കാര്യമില്ലെന്നും ഠാക്കൂർ തുടർന്നു.

ന്യൂയോർക്ക് ടൈംസും അവയെ പോലുള്ള വിദേശ മാധ്യമങ്ങളും ഇന്ത്യയെ കുറിച്ചും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട അതിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും പരത്തുന്ന കളവുകളുടെ തുടർച്ചയാണിത്. അത്തരം കളവുകൾ അധിക കാലം നിലനിൽക്കില്ല. ഇന്ത്യയെ കുറിച്ച് എന്തും പ്രസിദ്ധീകരിക്കുന്ന ‘ന്യൂയോർക്ക് ടൈംസി’ന്റെ നിഷ്പക്ഷതയെ കുറിച്ചുള്ള ധാരണ മുമ്പേ നഷ്ടപ്പെട്ടതാണെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.

അത് മോദിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചതിനുള്ള ശിക്ഷ -ഭാസിൻ

2020 ഒക്ടോബർ 19ന് വൈകീട്ട് ലേഖകരും ഫോട്ടോഗ്രാഫർമാരും സമയത്തിനുള്ളിൽ പണിപൂർത്തിയാക്കാൻ തിരക്കുകൂട്ടുന്ന നേരത്താണ് സർക്കാർ ഉദ്യോഗസ്ഥരും പൊലീസും വന്ന് ജീവനക്കാരെ പുറത്താക്കി കശ്മീർ ടൈംസിന്റെ ശ്രീനഗർ ഓഫിസിന് പൂട്ടിട്ടതെന്നും അതിന്നും അടഞ്ഞുകിടക്കുകയാണെന്നും പത്രത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ഭാസിൻ ന്യൂയോർക് ടൈംസിലെ ലേഖനത്തിൽ എഴുതി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾക്കെതിരെ ചോദ്യങ്ങളുന്നയിച്ചതിനുള്ള ശിക്ഷയായിരുന്നു അത്. മോദി സർക്കാറിന്റെ അടിച്ചമർത്തൽ നയം കശ്മീരി മാധ്യമ മേഖലയെ തകർത്തുവെന്നും മാധ്യമസ്ഥാപനങ്ങളെ ഭയപ്പെടുത്തി സർക്കാർ മുഖപത്രങ്ങളാക്കി മാറ്റി. മാധ്യമപ്രവർത്തകരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് ആദായ നികുതി ലംഘന, ഭീകര, വിഘടനവാദ കുറ്റങ്ങൾ ചുമത്തി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

മാധ്യമപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയും ജയിലിലടച്ചും വാർത്തകൾ തങ്ങൾക്ക് അനുകൂലമാക്കാൻ മാധ്യമസ്ഥാപനങ്ങൾക്കെതിരെ കൈയൂക്കിന്റെ തന്ത്രങ്ങൾ പ്രയോഗിച്ചും മാധ്യമങ്ങൾക്കുമേൽ കടുത്ത സമ്മർദം സൃഷ്ടിക്കുകയാണ് ഏകാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ അപചയത്തെ തടയാൻ ഇന്ത്യയിൽ ഇന്ന് അവശേഷിക്കുന്നത് മാധ്യമങ്ങളാണെങ്കിലും വിവര നിയന്ത്രണത്തിന്റെ കശ്മീർ മാതൃക രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിൽ മോദി വിജയിക്കുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തെ മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തെ തന്നെയാണ് ഇത് അപകടത്തിലാക്കുന്നതെന്ന് അനുരാധ ഭാസിൻ ‘ന്യൂയോർക് ടൈംസി’ൽ എഴുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The New York TimesI&B minister
News Summary - The New York Times 'spreading lies' about India: I&B minister
Next Story