രാഷ്ട്രപതിയുടെ റഫറൻസ് വിധി പറയാൻ മാറ്റി
text_fieldsന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമു സമർപ്പിച്ച റഫറൻസ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റി. 10 ദിവസം നീണ്ട വാദം കേൾക്കലിനൊടുവിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ എ. സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറയാൻ മാറ്റിയത്.
തമിഴ്നാട് സർക്കാറിന്റെ ഹരജിയിൽ ഗവർണർക്ക് ബില്ലുകൾ പാസാക്കുന്നതിന് മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി ഉയർത്തുന്ന ഭരണഘടന പ്രശ്നങ്ങൾ എന്ന നിലക്കാണ് പരോക്ഷമായി ചോദ്യംചെയ്ത് രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ 143 (1) അനുച്ഛേദം അനുസരിച്ചുള്ള അഞ്ചു പേജുള്ള റഫറൻസിൽ 14 ചോദ്യങ്ങളാണ് രാഷ്ട്രപതി സുപ്രീംകോടതിക്ക് മുമ്പാകെ ഉയർത്തിയത്. ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങൾ പ്രകാരം സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലിൽ ഗവർണർക്കും രാഷ്ട്രപതിക്കും ഉള്ള അധികാരങ്ങൾ വ്യക്തമാക്കണമെന്ന് റഫറൻസിൽ ആവശ്യപ്പെട്ടിരുന്നു.
തമിഴ്നാട് സർക്കാറിന് അനുകുലമായ സുപ്രീംകോടതി വിധിക്കെതിരെയുള്ള അപ്പീൽ എന്ന നിലയിലല്ല, മറിച്ച്, ഭരണഘടനപരമായ ചോദ്യങ്ങൾ എന്ന നിലക്ക് മാത്രമാണ് റഫറൻസ് പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ഭരണഘടനബെഞ്ച് ആദ്യമേ വ്യക്തമാക്കിയിരുന്നു. വാദം കേൾക്കലിനിടെ രാഷ്ട്രപതിയുടെ റഫറൻസിൽ ജഡ്ജിമാർക്കിടയിലുള്ള അഭിപ്രായ ഭിന്നത പുറത്തുവരുകയും ചെയ്തു. സമയപരിധി നിശ്ചയിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും പറ്റില്ലെന്ന് ജസ്റ്റിസ് നരസിംഹയും അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണിയാണ് വാദം കേൾക്കൽ ഉപസംഹരിച്ചത്. എ.ജിക്കു മുമ്പേ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തന്റെ വാദം പൂർത്തിയാക്കി. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, കർണാടക, തെലങ്കാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ രാഷ്ട്രപതിയുടെ റഫറൻസിനെ എതിർത്തു.
തമിഴ്നാടിന് അനുകൂലമായ വിധി തെറ്റാണെന്ന് പറയണം -കേന്ദ്രം
ന്യൂഡൽഹി: തമിഴ്നാട് സർക്കാറിന് അനുകൂലമായ സുപ്രീംകോടതി വിധി അസാധുവാക്കി കിട്ടാനാണ് രാഷ്ട്രപതിയുടെ റഫറൻസ് എന്ന് വ്യക്തമാക്കുന്ന തരത്തിൽ പ്രസ്തുത വിധി തെറ്റായിരുന്നെന്ന് പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
തമിഴ്നാടിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെയുള്ള അപ്പീൽ തങ്ങൾ പരിഗണിക്കില്ലെന്നും മറിച്ച്, ഭരണഘടനപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക മാത്രമാണ് ചെയ്യുന്നതെന്നും സുപ്രീംകോടതി പല തവണ വ്യക്തമാക്കിയിട്ടും വാദം അവസാനിക്കുന്ന ദിവസം കേന്ദ്ര സർക്കാർ ഈ ആവശ്യമുന്നയിച്ചു. രാഷ്ട്രപതിയുടെ റഫറൻസ് ഒരു അപ്പീൽ അല്ലെങ്കിലും നിയമോപദേശമെന്ന നിലക്ക് തെറ്റാണെന്ന് പറയാമെന്നായിരുന്നു മേത്തയുടെ വാദം. ഭരണഘടനയുടെ 143 അനുച്ഛേദപ്രകാരമുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ ഇതിന് കഴിയില്ലെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ബോധിപ്പിച്ചത്. തമിഴ്നാട് സർക്കാറിന് അനുകൂലമായ ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിധി ഗവർണറുമായുള്ള തർക്കത്തിൽ തങ്ങൾക്കും ബാധകമാണെന്ന നിലപാടിലായിരുന്നു കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

