പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക
text_fieldsഭീകരാക്രമണം നടക്കുന്ന പഹൽഗാമിലെ ബൈസരൺ പുൽമേട്
വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റിന്‍റേതാണ് തീരുമാനം. ആഗോള ഭീകരസംഘടനയുടെയും വിദേശ ഭീകരസംഘടനയുടെയും പട്ടികയിലും ടി.ആർ.എഫിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭീകരതയെ നേരിടുന്നതിൽ ട്രംപ് ഭരണകൂടത്തിന്‍റെ പ്രതിബദ്ധതയാണ് നടപടിയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ടി.ആർ.എഫിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തിൽ ഇന്ത്യ നടത്തിയ നീക്കത്തിന്‍റെ വിജയം കൂടിയാണ് ഭീകരസംഘടനയായുള്ള പ്രഖ്യാപനം. ഭീകരാക്രമണത്തിന് പിന്നിൽ ടി.ആർ.എഫ് ആണെന്ന് തെളിവ് ലഭിച്ചതിന് പിന്നാലെ ഇക്കാര്യം ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ ഉന്നയിച്ചിരുന്നു.
എന്നാൽ, ടി.ആർ.എഫിന് അനുകൂലിക്കുന്ന നിലപാടാണ് ഐക്യരാഷ്ടസഭയിൽ പാകിസ്താൻ സ്വീകരിച്ചിരുന്നത്. ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നീക്കം പാക് അധികൃതർ നടത്തുകയും ചെയ്തു.
ഏപ്രിൽ 22നാണ് ജമ്മു കശ്മീർ പഹൽഗാമിലെ ബൈസരൺ പുൽമേടിൽ ഭീകരാക്രമണം നടക്കുന്നത്. മലയാളി അടക്കം 26 പേരാണ് ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ലശ്കറെ തയ്യിബയുമായി ബന്ധമുള്ള ദ റസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തമേറ്റിരുന്നു.
ആക്രമണത്തിന്‍റെ ആസൂത്രകൻ കസൂരിയാണെന്ന് ഇന്‍റലിജൻസ് വിങ് കണ്ടെത്തിയിരുന്നു. ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിന് ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.