എതിർപ്പ് അവഗണിച്ച് ഗുജറാത്തിൽനിന്ന് മൂന്നാമത്തെ സുപ്രീംകോടതി ജഡ്ജി
text_fieldsജസ്റ്റിസ് മനുഭായ് പഞ്ചോളി
ന്യൂഡൽഹി: കൊളിജീയത്തിൽനിന്നുയർന്ന ശക്തമായ എതിർപ്പ് അവഗണിച്ചും സീനിയോറിറ്റി മറികടന്നും ഗുജറാത്തിൽനിന്ന് ഒരു ജഡ്ജിയെ കൂടി സുപ്രീംകോടതിയിലെത്തിക്കാനുള്ള ശിപാർശക്ക് കേന്ദ്രത്തിന്റെ അംഗീകാരം. കൊളീജിയം അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ എതിർപ്പ് അവഗണിച്ചാണ് അഖിലേന്ത്യാ തലത്തിൽ സീനിയോറിറ്റിയിൽ 57ാം സ്ഥാനത്തുള്ള നിലവിൽ പട്ന ഹൈകോടതി ചീഫ് ജസ്റ്റിസായ മനുഭായ് പഞ്ചോളിയെ ജഡ്ജിയാക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗ കൊളീജിയം നൽകിയ ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചത്.
മൂന്നു മാസത്തിനിടെ ഗുജറാത്തിൽനിന്ന് രണ്ടാമത്തെ ജഡ്ജിയെ കൂടി നിയമിച്ചതോടെ ആകെ 34 ജഡ്ജിമാരുള്ള സുപ്രീംകോടതിയിൽ ഗുജറാത്തിൽനിന്നുള്ള ജഡ്ജിമാരുടെ എണ്ണം മൂന്നായി. അവസാനം നിയമിതരായ രണ്ട് ജഡ്ജിമാരും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തും. ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അലോക് അരാഥെയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശിപാർശയും കേന്ദ്രം ഇതോടൊപ്പം അംഗീകരിച്ചു.
സീനിയോറിറ്റി, സുപ്രീംകോടതിയിലെ സംസ്ഥാന, സാമൂഹിക പ്രാതിനിധ്യം, യോഗ്യത എന്നിവയെല്ലാം കണക്കിലെടുത്തായിരുന്നു ജ. നാഗരത്നയുടെ എതിർപ്പ്. ഗുജറാത്ത് ഹൈകോടതിയിലെ ജസ്റ്റിസ് എൻ.വി. അഞ്ജാരിയ സുപ്രീംകോടതിയിൽ നിയമിതനായി മൂന്നു മാസം തികയും മുമ്പ് ഗുജറാത്ത് ഹൈകോടതിയിൽ ജഡ്ജിയായി വന്ന മറ്റൊരാളെക്കൂടി കൊണ്ടുവരുന്നത് ജസ്റ്റിസ് നാഗരത്ന ചോദ്യം ചെയ്തു.
യോഗ്യരായ പലരെയും ഒഴിവാക്കിയെന്നും ജഡ്ജിമാരുടെ സീനിയോറിറ്റിയെ മറികടന്നുള്ള നിയമനമാണിതെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, ജെ.കെ. മഹേശ്വരി എന്നിവർ ശിപാർശയുമായി മുന്നോട്ടുപോയി.
പഞ്ചോളിയുടെ പേര് കഴിഞ്ഞ മേയ് മാസം ചേർന്ന കൊളീജിയത്തിനു മുന്നിലെത്തിയപ്പോൾ രണ്ട് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ചതായിരുന്നു. നിലവിൽ പട്ന ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയിലുള്ള അഹ്മദാബാദ് സ്വദേശിയായ വിപുൽ പഞ്ചോളി ഗുജറാത്ത് ൈഹേകാടതി അഭിഭാഷകനായിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 2014 ഒക്ടോബറിൽ അഡീഷനൽ ജഡ്ജിയാക്കുകയും 2016ൽ സ്ഥിരപ്പെടുത്തുകയും ചെയ്തു. 2023ൽ പട്ന ഹൈകോടതിയിലേക്ക് അദ്ദേഹത്തെ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.