ഇത് ഭരണഘടനക്കെതിരെ പ്രവർത്തിക്കുന്ന പുതിയ ഇന്ത്യ -രാഹുൽ
text_fieldsഇത് ഭരണഘടനക്കെതിരെ പ്രവർത്തിക്കുന്ന പുതിയ ഇന്ത്യയാണെന്ന് രാഹുൽ ഗാന്ധി. അംബേദ്കറുടെ ഭരണഘടനക്ക് അന്ത്യം കുറിക്കുന്ന രാജ്യമായി ഇത് മാറിയിരിക്കുന്നുവെന്നും സംഭലിലേക്കുള്ള യാത്രാമധ്യേ ഗാസിപുരിൽ യു.പി പൊലീസ് തടഞ്ഞപ്പോൾ ഭരണഘടന ഉയർത്തിക്കാട്ടി രാഹുൽ തുടർന്നു. തങ്ങൾ പോരാട്ടം തുടരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് എന്ന നിലക്ക് ഭരണഘടന നൽകിയ അവകാശമാണ് യു.പി പൊലീസ് തടഞ്ഞത്.
സ്വന്തമായോ പൊലീസിന്റെ കൂടെയോ പോകാൻ തയാറാണെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല. ഇപ്പോൾ തിരിച്ചുപോയാൽ കുറച്ചു ദിവസം കഴിഞ്ഞു പോകാൻ അനുവദിക്കാമെന്നാണ് പൊലീസ് പറയുന്നത് -രാഹുൽ വ്യക്തമാക്കി.
സംഭലിൽ എന്ത് സമാധാനമാണ് പുനഃസ്ഥാപിച്ചത് -പ്രിയങ്ക
യു.പിയിൽ രാഹുലിനു പോലും പോകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ സംഭലിൽ എന്ത് സമാധാനമാണ് പുനഃസ്ഥാപിച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന വയനാട് എം.പി പ്രിയങ്ക ഗാന്ധി ചോദിച്ചു. സംഭൽ സന്ദർശിച്ച് അവിടത്തെ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയെന്നത് പ്രതിപക്ഷ നേതാവിന്റെ ഭരണഘടനപരമായ അധികാരമാണ്.
ഭരണഘടന പദവിയിലിരിക്കുന്ന ഒരാളെ ഇത്തരത്തിൽ തടയാനാവില്ല. യു.പി പൊലീസിനൊപ്പം താൻ ഒറ്റക്ക് പോകാൻ തയാറാണെന്ന് പറഞ്ഞിട്ടും അതുപോലും കേൾക്കാൻ തയാറായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.