സ്റ്റാർ ഹെൽത്തിന്റെ ക്യാഷ് ലെസ് ഇൻഷുറൻസ് പോളിസി എടുത്തവർ ആശങ്കയിൽ; പ്രമുഖമായ പല ആശുപത്രി ശ്രൃംഖലകളും ലിസ്റ്റിൽ നിന്ന് പുറത്തായി
text_fieldsമുംബൈ: സ്റ്റാർ ഹെൽത്തിന്റെ ക്യാഷ് ലെസ് ഇൻഷുറൻസ് പോളിസി എടുത്തവർ വെട്ടിലായി. സ്റ്റാർ ഹെൽത്തും അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഇന്ത്യയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് പണമടച്ച് ഇൻഷുറൻസിന് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ത്രിശങ്കുവിലായത്.
പ്രമുഖമായ പല ആശുപത്രി ശ്രൃംഖലകളും സ്റ്റാർ ഹെൽത്തിന്റെ ലിസ്റ്റിൽ നിന്ന് പുറത്തായി. താരിഫ് സംബന്ധിച്ച തർക്കമാണ് പ്രതിസന്ധിക്ക് കാരണമായത്.
എന്നാൽ ഇൻഷുറൻസ് ഉടമകൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ സ്‌റ്റാർ ഹെൽത്തുമായി ചർച്ച നടത്താനും, എന്നാൽ പ്രശ്നം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സെപ്റ്റംബർ 22 മുതൽ കരാറിൽ നിന്ന് പിൻവാങ്ങാൻ ആശുപത്രികളോട് ആവശ്യപ്പെടുമെന്നും ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
എന്നാൽ ഉഭയകക്ഷി കരാർ നിലവിലുള്ളതാണെന്നും അത്തരത്തിലുള്ള യാതൊരു പ്രശ്നവും തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സ്റ്റാർ ഹെൽത്ത് പറയുന്നു.
ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് അസോസിയേഷന്റെ അനവസരത്തിലുള്ള പത്ര പ്രസ്താവന ജനങ്ങളിൽ ആശങ്കയുണ്ടാക്കുകയും ആവശ്യമില്ലാത്ത കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുമെന്ന് സ്റ്റാർ ഹെൽത്ത് പ്രതികരിക്കുന്നു.
എന്നാൽ തങ്ങളുടെ ഇൻഷുറൻസിനെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്ന് സ്റ്റാർ ഹെൽത്ത് പറയുന്നു. ഒരു മാസം മുമ്പ് ഇതേ അസോസിയേഷൻ ബജാജ് അലയൻസുമായും കെയർ ഇൻഷുറൻസുമായും ഇതേ പ്രശ്നം ഉണ്ടാക്കിയതായും സ്റ്റാർ ഹെൽത്ത് ആരോപിച്ചു.
ഈ മാസം അവസാനം ഹെൽത്ത് പ്രൊവൈഡേഴ്സ് അസോസിയേഷൻ ജനറൽ ഇൻഷുറൻസ് കൗൺസിലുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്.
ഇപ്പോൾ ആരോഗ്യ മേഖലയിൽ വന്നിട്ടുള്ള അനിയന്ത്രിതമായ പണപ്പെരുപ്പത്തിനനുസൃതമായി താരിഫ് ഉയർത്തണമെന്ന ആവശ്യം വർഷങ്ങളായി സ്റ്റാർ ഹെൽത്ത് നിരസിക്കുകയാണെന്നും എന്നാൽ നിലവിലുള്ള താരിഫ് തന്നെ വീണ്ടും താഴ്ത്തണമെന്ന് അവർ സമ്മർദ്ദം ചെലുത്തുന്നതായും അസോസിയേഷൻ ആരോപിക്കുന്നു.
അശുപത്രി ബില്ലുകൾ നീതീകരിക്കാനാവാത്ത വിധം സ്റ്റാർ ഹെൽത്ത് വെട്ടിക്കുറയ്ക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ വർഷം സ്റ്റാർ ഹെൽത്ത് 13,300 പരാതികളാണ് ഇൻഷുറൻസ് ഓംബുഡ്സ്മാനിൽ ഉന്നയിച്ചത്. ഭാഗികമായോ ഫുൾ ക്ലെയിം ഇനത്തിലോ ഉള്ളവയായിരുന്നു ഇതിൽ 10,000 പരാതികൾ. ഇത് രാജ്യത്തെ മറ്റ് പ്രമുഖ നാല് ഇൻഷുറൻസ് കമ്പനികളുടെ മൊത്തം പരാതികളെക്കാൾ കൂടുതലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.