തെലങ്കാനയിൽ മൂന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്
text_fieldsരജിത
തെലങ്കാന: തെലങ്കാനയിലെ സംഗറെഡ്ഢി ജില്ലയിൽ മൂന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണം പൂർത്തിയായതോടെ കുട്ടികളുടെ മരണത്തിൽ സംശയം തോന്നിയ പൊലീസ്, വിശദമായ പരിശോധനക്കൊടുവിൽ കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്നിട്ടാണെന്ന് കണ്ടത്തി. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇവരുടെ അമ്മയായ രജിതയാണ് (45) തലേ ദിവസം ഇവരുടെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയതായി തെളിഞ്ഞത്. സായ് കൃഷണ (12), മധു പ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ച കുട്ടികൾ. രജിതയും വിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.
പൊലീസ് പറയുന്നതനുസരിച്ച്, രജിത അടുത്തിടെ തന്റെ മുൻ സഹപാഠിയെ സ്കൂൾ റീയൂനിയനിൽ കണ്ടുമുട്ടുകയുണ്ടായി. പിന്നീട് വീണ്ടും അവർ സംസാരിക്കാൻ തുടങ്ങിയതോടെ അവരുടെ സൗഹൃദം പ്രണയമായി മാറി. കുടുംബത്തെ ഉപേക്ഷിച്ച് കാമുകനുമായി ഒരു പുതിയ ജീവിതം ആരംഭിക്കാൻ രജിത തീരുമാനിച്ചു. ഇവരുടെ ഈ പദ്ധതിയിൽ കുട്ടികൾ ഒരു ബാധ്യതയാകുമെന്ന് രജിതക്ക് തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തലേന്ന് രാത്രി രജിത അത്താഴത്തിന് വിളമ്പിയ തൈരിൽ വിഷം കലർത്തി കുട്ടികൾക്ക് നൽകുകയായിരുന്നു. രാത്രി ജോലി കഴിഞ്ഞു രാവിലെ തിരിച്ചെത്തിയ പിതാവ് കുട്ടികളുടെ പ്രതികരണമൊന്നും കാണുന്നില്ല എന്ന് മാത്രമല്ല വിളിച്ചിട്ടും അനക്കമൊന്നുമില്ല. ഇതേ സമയം രജിതയും വയറുവേദനയെക്കുറിച്ച് ഭർത്താവ് ചെന്നയ്യയോടെ പറഞ്ഞു. പിന്നീട് ചെന്നയ്യ ഇവരെ ആശുപത്രിയിൽ എത്തിച്ചു.
കുട്ടികളുടെ മരണത്തിൽ ഭർത്താവിനും പങ്കുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നങ്കിലും പിന്നീടുള്ള അന്വേഷണത്തിൽ കൊലപാതകത്തിന്റെ സൂത്രധാരി രജിതയാണെന്ന് പൊലീസ് കണ്ടെത്തി. നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കേസിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് വ്യക്തമാക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.