അഗതി മന്ദിരത്തിലെ ലൈംഗിക പീഡനം: പ്രതികൾക്ക് ജീവപര്യന്തം തടവ്
text_fieldsറോഹതക്ക്: റോഹ്തക്കിലെ അപ്നാ ഗർ അഗതി മന്ദിരത്തിൽ നടന്ന കൂട്ട ബലാത്സംഗക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. പാച്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രധാന പ്രതി ജസ്വാന്ദി ദേവി, മരുമകൻ ജയ് ഭഗവാൻ, ഡ്രൈവർ സതീഷ് എന്നിവരെയാണ് ജീവപരന്ത്യം തടവിന് ശിക്ഷിച്ചത്. പ്രത്യേക സി.ബി.ഐ ജഡ്ജി ജഗ്ദീപ് സിങ് ആണ് വിധി പുറപ്പെടുവിച്ചത്.ഹരിയാനയിലെ ദേര സച്ച സൗധ തലവൻ ഗുർമിത് റാം റഹീമിനെ ശിക്ഷിച്ച ജഡ്ജിയാണ് ജഗ്ദീപ് സിങ്.
ജസ്വാന്ദി ദേവിയുടെ സഹോദരൻ ജസ്വന്തിന് ഏഴ് വർഷം തടവ് ശിക്ഷയും വിധിച്ചു. ഷീല, വീണ, സുഷമ എന്നീ പ്രതികൾ കേസിൻെറ വിചാരണക്കാലയളവിൽ തന്നെ തടവിൽ താമസിച്ചതിനാൽ ഇനി ജയിലിൽ കഴിയേണ്ടി വരില്ല.
റോഹ്തക്കിലെ അഗതി മന്ദിരമായ അപ്നാ ഗറിൽ താമസിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്തവരടക്കം അഗതികളും അനാഥരും മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന പെൺകുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
ഇവിടെ നിന്നും രക്ഷപ്പെട്ട മൂന്ന് കുട്ടികൾ ഡൽഹിയിലെത്തി തങ്ങൾ നേരിട്ട ക്രൂരതകൾ അധികൃതരെ അറിയിക്കുകയായിരുന്നു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് ബാക്കിയുള്ള 120 കുട്ടികളെ രക്ഷിക്കാനായത്. തുടർന്ന് കേസ് സി.ബി.ഐക്ക് കൈമാറി. ബലാത്സംഗം, കൂട്ടബലാത്സംഗം, പരിക്കേൽപിക്കൽ, ഗർഭഛിദ്രം, കുട്ടികളെ പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.