യാത്രാ ദൈർഘ്യം 12 മണിക്കൂർ, ചെലവായത് 15 കോടി രൂപ! പ്രധാനമന്ത്രിയുടെ സൗദി യാത്രാ വിവരങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി യാത്രക്ക് ചെലവായ ലക്ഷങ്ങളുടെ കണക്ക് പുറത്ത്. 12 മണിക്കൂർ മാത്രം ദൈർഘ്യമുള്ള യാത്രക്ക് 15 കോടി രൂപയാണ് മോദി പൊടിച്ചത്. ഈ വർഷം ഏപ്രിലിലായിരുന്നു ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി മോദി സൗദിയിലെത്തിയത്. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ആണ് മോദിയുടെ യാത്രയെ കുറിച്ചുള്ള മഹാരാഷ്ട്രയിലെ ആക്ടിവിസ്റ്റ് അജയ് വസുദേവ് ബോസിന്റെ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയത്.
മോദിയുടെ ഹോട്ടൽ ബുക്കിങ്ങിന് മാത്രം കേന്ദ്ര സർക്കാർ 10 കോടിയിലേറെ രൂപ ചെലവഴിച്ചുവെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കുറച്ചു മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള സൗദി സന്ദർശനത്തിന് സർക്കാർ വലിയ തുക ചെലവഴിച്ചുവെന്നാണ് കോൺസുലേറ്റ് നൽകി വിവരങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രോട്ടോക്കോൾ അനുസരിച്ച് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് ഉന്നതതല റാങ്കിങ്ങിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ യാത്രാചെലവുകൾ വഹിക്കേണ്ടത്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ആ പ്രോട്ടോക്കോൾ പാലിച്ചിട്ടില്ല. മോദിയുടെ ഔദ്യോഗിക സന്ദർശനത്തിന് സർക്കാർ എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നത് എന്നതിൽ വിമർശകർ പോലും അന്തംവിട്ടിരിക്കുകയാണ്.
ഏപ്രിൽ 22നും 23നുമിടയിലായിരുന്നു മോദിയുടെ ജിദ്ദ സന്ദർശനം. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശനം വെട്ടിച്ചുരുക്കി മോദി മടങ്ങുകയായിരുന്നു. ഔദ്യോഗിക ഡിന്നർ ഒഴിവാക്കി മോദി ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി.
ഫെബ്രുവരിയിൽ നാലുദിവസം ഫ്രാൻസ് സന്ദർശിക്കാനായി മോദി ചെലവിട്ടത് 25.59 കോടി രൂപയാണ്. ഒറ്റദിവസത്തെ യു.എസ് സന്ദർശനത്തിന് 16.54 കോടി രൂപയും തായ് ലൻഡ് യാത്രക്ക് 4.92കോടിയുമാണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. എന്നാൽ ജിദ്ദയിലേക്കുള്ള 12 മണിക്കൂർ യാത്രയാണ് ഇതിൽ ഏറ്റവും ചെലവേറിയതായി കണക്കാക്കുന്നത്.
യു.പി.എ സർക്കാറിന്റെ കാലത്ത് 2011ൽ 10.74 കോടി ചെലവിട്ട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ് യു.എസ് സന്ദർശിച്ചിരുന്നു. 2013ൽ മൻമോഹൻസിങ് നടത്തിയ റഷ്യൻ ട്രിപ്പിന് 9.95 കോടിയാണ് ചെലവായത്. എന്നാൽ മോദിയുടെ വിദേശ യാത്രകൾക്കുള്ള ചെലവിനെ അപേക്ഷിച്ച് താരതമ്യേന കുറവാണിത്. മോദിയുടെ ആഡംബര വിദേശയാത്രകളെ കുറിച്ചുള്ള ചോദ്യത്തിന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.