ഏക സിവിൽകോഡ് തൽക്കാലമില്ല
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ പ്രകടനപത്രിക മുന്നോട്ടുവെക്കുന്ന ഏക സിവിൽകോഡിനെക്കുറിച്ച പഠന റിപ്പോർട്ട് നിലവിലെ നിയമ കമീഷന്റെ കാലാവധി തീരുന്നതിനുമുമ്പ് പരിഗണിക്കില്ല. 2020 ഫെബ്രുവരി 24നാണ് 22ാം നിയമ കമീഷൻ രൂപവത്കരിച്ചത്.
ഇപ്പോഴത്തെ കമീഷന്റെ കാലാവധി മൂന്നു വർഷമാണ്. ചെയർമാൻ അടക്കം കമീഷനിലെ നിർണായക ഒഴിവുകൾ നികത്തിയിട്ടില്ല. സുപ്രധാനമായ ഏക സിവിൽകോഡിനെക്കുറിച്ച് കമീഷന്റെ അഭിപ്രായം സർക്കാർ തേടിയാൽ, വിശദ പരിശോധനക്കും നടപടികൾക്കും സമയം പോരാ.
നിയമമന്ത്രി കിരൺ റിജിജു ബി.ജെ.പി അംഗം നിഷികാന്ത് ദുബെക്ക് നൽകിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഏക സിവിൽ കോഡ് ഏറ്റവും നേരേത്ത വേണമെന്ന ആവശ്യം നിഷികാന്ത് ദുബെ നേരേത്ത ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ദേശീയ തലത്തിൽ എല്ലാ പൗരന്മാർക്കുമായി ഏക സിവിൽകോഡ് പ്രയോഗത്തിൽ കൊണ്ടുവരാൻ ഭരണഘടനയുടെ 44ാം അനുച്ഛേദം സർക്കാറിനോട് നിർദേശിക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.
വിവിധ മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളിലെ വ്യവസ്ഥകൾ ആഴത്തിൽ പഠിക്കേണ്ട സുപ്രധാന വിഷയമാണിത്. അവ പരിശോധിച്ച് ഏക സിവിൽകോഡിനെക്കുറിച്ച് ശിപാർശ നൽകാൻ കഴിഞ്ഞ നിയമ കമീഷനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, 21ാം നിയമ കമീഷന്റെ കാലാവധി 2018 ആഗസ്റ്റ് 31ന് അവസാനിച്ചു. 22ാം നിയമ കമീഷൻ ഈ വിഷയം പരിഗണിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.
2016 ജൂണിലാണ് ഏക സിവിൽകോഡിനെക്കുറിച്ച് പരിശോധിക്കാൻ നിയമ മന്ത്രാലയം കഴിഞ്ഞ നിയമ കമീഷനോട് ആവശ്യപ്പെട്ടത്. രണ്ടു വർഷമെടുത്ത് ചില ചർച്ചകൾ നടത്തിയ കമീഷൻ, ഒരു ചർച്ചാ രേഖ പുറത്തിറക്കിയിരുന്നു. അതിനിടയിൽ കമീഷന്റെ കാലാവധി കഴിഞ്ഞു. ചെയർമാനില്ലാത്ത നിലവിലെ കമീഷന് ഒരു വർഷംകൂടി മാത്രമാണ് കാലാവധി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.