പാകിസ്താനെ പാഠം പഠിപ്പിച്ച് ഭീകരത ഇല്ലാതാക്കണം -കോൺഗ്രസ്
text_fieldsകോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ
ന്യൂഡൽഹി: പാകിസ്താനെ പാഠം പഠിപ്പിച്ച് ഭീകരത ഇല്ലാതാക്കേണ്ട നേരമാണിതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി നരേന്ദ്ര മോദി സർക്കാറിനെ ഓർമിപ്പിച്ചു. പഹൽഗാമിലെ മാപ്പർഹിക്കാത്ത പ്രകോപനത്തിന് രാജ്യമൊന്നടങ്കം മറുപടി കാത്തിരിക്കുകയാണെന്ന് ന്യൂഡൽഹി പാർട്ടി ആസ്ഥാനത്ത് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.
പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തവരും നടപ്പാക്കിയവരും അവരുടെ ചെയ്തിയുടെ പൂർണമായ പ്രത്യാഘാതം നേരിടുകതന്നെ വേണം. ഭീകരത കയറ്റുമതി ചെയ്യുന്ന പാകിസ്താനെ ഒറ്റപ്പെടുത്താനും ശിക്ഷിക്കാനും വ്യക്തതയോടെയും അന്തർദേശീയ ഏകോപനത്തോടെയും പ്രവർത്തിക്കണമെന്ന് കോൺഗ്രസ് സർക്കാറിനോടാവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ സുരക്ഷ സന്നാഹങ്ങളുള്ള മേഖലയിൽ അതി ഗുരുതരമായ സുരക്ഷാ രഹസ്യാന്വേഷണ വീഴ്ചകൾക്ക് ഉത്തരവാദികളെ കണ്ടെത്തണമെന്ന ആവശ്യവും കോൺഗ്രസ് ആവർത്തിച്ചു.
ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല. ഐക്യവും ശക്തിയും തീരുമാനവും ആവശ്യമായ സമയമാണ്. ഇന്ത്യ ഒന്നിച്ചുനിൽക്കുന്നുവെന്നും ആർക്കുമതിനെ ശിഥിലമാക്കാൻ ആവില്ലെന്നും കക്ഷിഭിന്നതകൾക്ക് അതീതമായ സന്ദേശം നൽകണം. ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പോരാ. ദീർഘകാലത്തേക്കുള്ള പുനരധിവാസം വേണം. സേനക്ക് പൂർണ സ്വാതന്ത്ര്യം നൽകി ഉത്തരവാദിത്തത്തിൽനിന്ന് കൈയൊഴിയുന്നതിന് പകരം പ്രധാനമന്ത്രി രാഷ്ട്രീയമായ ഇച്ഛാശക്തി കാണിക്കുകയാണ് വേണ്ടതെന്ന് പ്രവർത്തക സമിതി തീരുമാനങ്ങൾ വാർത്തസമ്മേളനത്തിൽ വിശദീകരിച്ച ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.
‘ജാതി സെൻസസിന് തുക അനുവദിക്കണം’
ജാതി സെൻസസ് നടത്തണമെന്ന കോൺഗ്രസ് ആവശ്യത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കിയെന്ന് മറ്റൊരു പ്രമേയത്തിൽ പ്രവർത്തക സമിതി വിലയിരുത്തി. ജാതി സെൻസസിന്റെ കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും മുഖവിലക്കെടുക്കണം. ജാതി സെൻസസിൽനിന്നുള്ള ഡേറ്റ സർക്കാർ നയങ്ങളുടെ പുനഃപരിശോധനക്ക് ആധാരമാക്കണം. സമയബന്ധിതമായി സെൻസസ് പൂർത്തിയാക്കാൻ സർക്കാർ ഫണ്ട് അനുവദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.