'നിങ്ങളുടെ മുത്തശ്ശി പോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു'; സവർക്കർ വിരുദ്ധ പരാമർശത്തിലെ കേസുകളിൽ സ്റ്റേ അനുവദിച്ചെങ്കിലും രാഹുൽ ഗാന്ധിയോട് വിയോജിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വി.ഡി. സവർക്കെതിരായ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ലഖ്നോ കോടതിയിൽ നിലനിൽക്കുന്ന ക്രിമിനൽ മാനനഷ്ടക്കേസുകൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. എന്നാൽ ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ സ്വമേധയാ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി രാഹുലിന് മുന്നറിയിപ്പ് നൽകി.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചരിത്രവും ഭൂമിശാസ്ത്രവും അറിയാതെ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് നിരുത്തരവാദമായ പരാമർശങ്ങൾ നടത്തരുതെന്നും അവരോട് ഇതേ രീതിയിൽ പെരുമാറരുതെന്നും സുപ്രീംകോടതി ഓർമിപ്പിക്കുകയും ചെയ്തു.
കേസ് പരിഗണിച്ചയുടന്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് ജസ്റ്റിസ് ദത്ത എതിര്‍പ്പ് രേഖപ്പെടുത്തി. വൈസ്രോയിക്കുള്ള കത്തുകളില്‍ 'നിങ്ങളുടെ വിശ്വസ്ത ദാസന്‍' എന്ന പദം ഉപയോഗിച്ചതുകൊണ്ട് മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിക്കാമോ എന്ന് ജസ്റ്റിസ് ദത്ത ചോദിച്ചു.
നിങ്ങളുടെ മുത്തശ്ശി ഇന്ദിരാഗാന്ധി പോലും സവർക്കറെ ബഹുമാനിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തെ പ്രശംസിച്ച് കത്തയച്ചിരുന്ന കാര്യമറിയാമോ എന്നും ദത്ത ചോദിച്ചു. രാഹുലിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എം.എം. സിങ്‍വിയാണ് കോടതിയിൽ ഹാജരായത്.
ഭാരത് ജോഡോ യാത്രക്കിടെ 2022 നവംബർ 17നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ സവർക്കറെ വിമർശിച്ചത്. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും അവരിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നു എന്നുമായിരുന്നു പരാമർശം. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകൾ വാർത്തസമ്മേളനത്തിൽ വിതരണം ചെയ്തെന്നും കാണിച്ച് അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ പരാതിയിലാണ് കേസ്. കേസിൽ ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ നവംബറിൽ ലഖ്നോ സെഷൻസ് കോടതി ജഡ്ജി അലോക് വർമ്മ ഉത്തരവിട്ടിരുന്നു. തന്‍റെ പരാമർശങ്ങളിലൂടെ കോൺഗ്രസ് എം.പി സമൂഹത്തിൽ വിദ്വേഷം പടർത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ സമൻസ് ലഭിച്ചിട്ടും ഹാജരാകാത്ത രാഹുൽ ഗാന്ധിക്ക് മാർച്ചിൽ ലഖ്നോ കോടതി 200 രൂപ പിഴയിട്ടിരുന്നു.
ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചും കേസുണ്ട്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പൂണെ കോടതിയിൽ പരാതി നൽകിയത്. ഈ കേസിൽ ജനുവരിയിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.