താരപ്രചാരകർ മാതൃകയാകണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: ദേശീയ പാർട്ടികളുടെ താര പ്രചാരകർ തെരഞ്ഞെടുപ്പ് വേളയിൽ മാതൃകപരമായ പ്രവർത്തനം നടത്തണമെന്നും സമൂഹത്തിൽ ഛിദ്രതയുണ്ടാകാൻ കാരണക്കാരാകരുതെന്നും തെരഞ്ഞെടുപ്പ് കമീഷൻ. ശേഷിക്കുന്ന ഘട്ടങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളും പ്രസ്താവനകളും ശുദ്ധീകരിക്കാനുള്ള അവസരമാക്കേണ്ടത് നേതാക്കളുടെ ഉത്തരവാദിത്തമാണെന്നും കമീഷൻ തുടർന്നു.
പെരുമാറ്റച്ചട്ടലംഘനവും വർഗീയ പ്രസംഗവും ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ പല നേതാക്കൾക്കുമെതിരെ ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് കമീഷൻ പ്രതികരണം. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട 90 ശതമാനത്തോളം പരാതികൾ ഇതിനകം കൈകാര്യം ചെയ്തുവെന്നും കോൺഗ്രസും ബി.ജെ.പിയും നൽകിയ ചില പരാതികൾ മാത്രമാണ് ശേഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
മിക്കയിടത്തും ചട്ടങ്ങൾ പാലിച്ചുള്ള പ്രവർത്തനങ്ങളാണ് സ്ഥാനാർഥികൾ നടത്തിയത്. ഇതിനകം 425 പ്രധാന പരാതികളാണ് കിട്ടിയത്. 400 എണ്ണത്തിലും നടപടിയെടുത്തു. ജാതി-മത അടിസ്ഥാനത്തിലുള്ള പ്രസ്താവനകൾ, ഭരണഘടനാസത്തക്ക് നിരക്കാത്ത നടപടികൾ തുടങ്ങിയ വിഷയങ്ങളുയർത്തി ചില താരപ്രചാരകർ പ്രവർത്തിച്ചതായി കാണിച്ച് ബി.ജെ.പിയും കോൺഗ്രസും പരസ്പരം പരാതികൾ നൽകിയിട്ടുണ്ട്. പരാതിക്ക് പിന്നാലെ രണ്ടു പാർട്ടികളും വിശദീകരണവും നൽകി. തുടർനടപടി കമീഷന്റെ പരിഗണനയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.