പിറന്നുവീണ് ഏതാനും നാളുകൾ; വെന്തുപോയി ആ ചോരപ്പൈതലുകൾ
text_fieldsആശുപത്രി അഗ്നിബാധയിൽ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ ബന്ധു വിലപിക്കുന്നു
അമരാവതി: പിറന്നുവീണ് ഏതാനും മണിക്കൂറോ ദിവസങ്ങളോ മാത്രം പ്രായമായ പിഞ്ചുകുഞ്ഞുങ്ങൾ. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ കരുതലിൽനിന്നും ആ ഓമനകൾ ജീവിതത്തിലേക്ക് തിരികെയെത്തുന്ന നല്ല വാർത്തക്കായി പ്രതീക്ഷയോടെ കാത്തിരുന്ന ഉറ്റവരെ തേടി തിങ്കളാഴ്ച പുലർച്ചെയെത്തിയത് ഭീകരമായ ദുരന്തവാർത്ത. ആശുപത്രി എൻ.ഐ.സി.യുവിലെ തീപിടിത്തത്തിൽ പൊള്ളലേറ്റും പുകശ്വസിച്ചും ജീവൻ നഷ്ടമായത് മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾക്ക്.
മഹാരാഷ്ട്രയിലെ അമരാവതി ജില്ല വനിതാ ആശുപത്രിയിലായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം. തിങ്കളാഴ്ച പുലർച്ച 3.15ഓടെയാണ് നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ പൊട്ടിത്തെറിയും പുകയും തീയുമുയർന്നത്. 39 കുഞ്ഞുങ്ങൾ ചികിത്സയിലുള്ള തീവ്രപരിചരണ വാർഡിലേക്ക് രക്ഷാകരങ്ങളുമായി ആശുപത്രി ജീവനക്കാരും നഴ്സുമാരും ഓടിയെത്തി ചോരപ്പെതലുകളെ വാരിയെടുത്ത് പുറത്തേക്ക് ഓടിയെങ്കിലും അപ്പോഴേക്കും മൂന്ന് ജീവൻ നഷ്ടമായിരുന്നു. 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി അമരാവതി പൊലീസ് കമീഷണർ രാകേഷ് ഓല പറഞ്ഞു. ആറു കുഞ്ഞുങ്ങളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
മാസം തികയാതെ പ്രസവിച്ചവരും ഭാരക്കുറവുള്ളവരും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരുമായ കുഞ്ഞുങ്ങളാണ് എൻ.ഐ.സിയുവിൽ ചികിത്സയിലുണ്ടായിരുന്നത്. ഇവരിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ച ഔട്ട് ബോൺ ബേബീസ് എൻ.ഐ.സി.യു യൂനിറ്റിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. ഉടൻ, തീയും പുകയും ഉയരുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞെങ്കിലും കുഞ്ഞു ജീവനുകളെല്ലാം രക്ഷപ്പെടുത്താനായില്ല.
സംഭവം കടുത്ത ജനരോഷത്തിനാണ് ഇടയാക്കിയത്. ആശുപത്രിയിലേക്ക് കുതിച്ചെത്തിയ മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റ കുട്ടികൾക്ക് മികച്ച ചികിത്സയും വാഗ്ദാനം ചെയ്തു. ആശുപത്രിയിലെ അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

