കുനാൽ കമ്രയുടെ ഹരജി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വലിയ പ്രശ്നങ്ങൾ ഉയർത്തുന്നുവെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കെതിരായ പരാമർശത്തിൽ സ്റ്റാന്റഡപ് കൊമേഡിയൻ കുനാൽ കമ്രക്കെതിരായ പൊലീസ് അന്വേഷണം തുടരാമെന്നും എന്നാൽ കമ്രയെ അറസ്റ്റ് ചെയ്യരുതെന്നും ബോംബെ ഹൈകോടതി. കമ്ര സമർപിച്ച ഹരജിയിൽ സംസാര സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ‘വലുതും’ ഗുരുതരവുമായ പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ സാരംഗ് കോട്‌വാൾ, എസ്.എം മോദക് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. തുടർന്ന് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്ര സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിച്ചു. ‘കമ്രയുടെ ഹരജി പിന്നീട് പരിഗണിക്കും.
അന്വേഷണം തുടരാം. ഹരജി പരിഗണിക്കുന്ന സമയത്ത് ഹരജിക്കാരനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ആ സമയത്ത് പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ കോടതി അത് പരിഗണിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുംബൈയിലെ ഷോക്കുശേഷം കമ്രക്ക് വധഭീഷണി ലഭിച്ചതിനാൽ ചെന്നൈയിൽ വെച്ച് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താമെന്നും കോടതി പറഞ്ഞു. കമ്ര നിലവിൽ തമിഴ്‌നാട്ടിലാണ് താമസിക്കുന്നത്.
ഒരു സ്റ്റാൻഡ് അപ്പ് കോമഡി ഷോക്കിടെ ഷിൻഡെയെ ‘രാജ്യദ്രോഹി’ എന്ന് വിശേഷിപ്പിച്ചതിന് ഖാർ പോലീസ് കേസ് എടുത്തത്. താൻ തമിഴ്‌നാട് നിവാസിയാണെന്നും ഷോക്കു ശേഷമുള്ള വധഭീഷണി കാരണം മഹാരാഷ്ട്രയിലേക്ക് വരാൻ ഭയപ്പെടുന്നുവെന്നും കമ്ര തന്റെ ഹരജിയിൽ പറഞ്ഞിരുന്നു. വധഭീഷണി ഉണ്ടെന്ന് ഹരജിക്കാരൻ പറഞ്ഞതിനാൽ അദ്ദേഹത്തിന്റെ സുരക്ഷ ആശങ്കാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാന്യത, ധാർമികത, പൊതു ക്രമം തുടങ്ങിയ വശങ്ങൾ ഉൾപ്പെടെയുള്ള മൗലികാവകാശ നിയന്ത്രണങ്ങൾക്കെതിരെ അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ വലിയ പ്രശ്നങ്ങൾ ഹരജി ഉയർത്തുന്നുവെന്ന് ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഈ ചോദ്യങ്ങളെല്ലാം ഗൗരവമായ പരിഗണന അർഹിക്കുന്നുവെന്നും കോടതി പറഞ്ഞു.
ഭാരതീയ ന്യായ സംഹിത പ്രകാരം എഫ്.ഐ.ആറിൽ കമ്രക്കെതിരെ അപകീർത്തികരമായ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ബി.എൻ.എസ്.എസ് നിയമപ്രകാരം അപകീർത്തിപ്പെടുത്തലിന് പ്രോസിക്യൂട്ട് ചെയ്യുന്നതിന് നിയമത്തിൽ വ്യത്യസ്തമായ ഒരു നടപടിക്രമം നിർദേശിച്ചിട്ടുണ്ടെനും കോടതി പറഞ്ഞു. ഹരജി കേൾക്കുമ്പോൾ ഈ ഗുരുതരമായ എല്ലാ പ്രശ്നങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് ബെഞ്ച് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.