കേരളത്തിൽ ചികിത്സ: മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
text_fieldsഅബ്ദുന്നാസിർ മഅ്ദനി
ന്യൂഡൽഹി: വിചാരണ തീരും വരെ കേരളത്തിൽ ചികിത്സ അനുവദിക്കാനുള്ള പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുമ്പാകെ മഅ്ദനിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 2014ൽ ജാമ്യം അനുവദിച്ചപ്പോൾ മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ ജന്മനാട്ടിലേക്ക് പോകാനായി ഇളവ് ചെയ്യണമെന്നാണ് മഅ്ദനി ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമേഹം, രക്തസമ്മർദം, അതുമായി ബന്ധപ്പെട്ട സ്ട്രോക്ക് തുടങ്ങി താൻ നേരിടുന്ന നിരവധി രോഗങ്ങളുടെ പട്ടിക മഅ്ദനി സുപ്രീംകോടതി മുമ്പാകെ നിരത്തി. ക്രിയാറ്റിൻ നില ഉയർന്ന് ഡയാലിസിസ് നടത്തേണ്ട സാഹചര്യമാണ്. വൃക്ക മാറ്റിവെക്കേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. അനുകൂലമല്ലാത്ത കാലാവസ്ഥയും ചുറ്റുപാടും അധിക സാമ്പത്തിക ബാധ്യതയും നിരവധി രോഗങ്ങൾ അലട്ടുന്ന തന്റെ ആരോഗ്യസ്ഥിതിയെ അങ്ങേയറ്റം ബാധിച്ചിരിക്കുന്നു.
നാലു മാസത്തിനകം തീർക്കുമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിക്ക് ഉറപ്പുനൽകിയ വിചാരണ എട്ടു വർഷം കഴിഞ്ഞിട്ടും നീണ്ടുപോകുകയാണെന്നും ആരോഗ്യാവസ്ഥ മോശമായി ബംഗളൂരുവിൽ വീട്ടുതടങ്കലിന് സമാനമായ സ്ഥിതിയിലാണെന്നും മഅ്ദനി ഹരജിയിൽ ബോധിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.