മണിപ്പൂരി സംഗീതജ്ഞന്റെ കൊലപാതകം: ഡൽഹിയിൽ വികാരാധീനമായ ആദരാഞ്ജലി; സ്വദേശത്തിന്റെ പേരിൽ ആക്രമിക്കപ്പെടുന്നത് ദുരന്തമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: യുവാക്കളുടെ മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട മണിപ്പൂരി സംഗീതജ്ഞൻ ചോങ്തം വിക്രം സിങ്ങിന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും രാഷ്ട്രീയ നേതാക്കളും ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു. ഡൽഹിയിലെ കിലോകാരി ഗ്രാമത്തിലെ വീടിന് സമീപത്തുവെച്ച് ഒരു സംഘം ആളുകളുടെ മർദ്ദനത്തിനിരയായി ഗുരുതരമായി പരിക്കേറ്റ 54 കാരനായ വിക്രം സിങ് കഴിഞ്ഞ 17 വർഷമായി ഡൽഹിയിൽ സ്വകാര്യ സംഗീത അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.
ഈ ആക്രമണം വടക്കുകിഴക്കൻ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ തോതിൽ സുരക്ഷാ ആശങ്കകൾ ഉയർത്തുകയും, ദേശീയ തലസ്ഥാനത്ത് ഇവർ നേരിടുന്ന വിവേചനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സംസാരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വിക്രം സിങ്ങിന്റെ മരണം ഒരു വലിയ ദുരന്തമാണെന്ന് വിശേഷിപ്പിച്ചു. അദ്ദേഹം എവിടെ നിന്നുള്ളയാളാണെന്ന് നോക്കിയാണ് ആക്രമിക്കപ്പെട്ടത് എന്നത് സംഭവത്തിന്റെ ആഘാതം വർധിപ്പിക്കുന്നുവെന്നും ഇത് മണിപ്പൂരിലെ ജനങ്ങൾക്കാകെ ഉണ്ടായ നഷ്ടമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മരിച്ച വിക്രം സിങ്ങിന്റെ കുടുംബം അനുഭവിച്ച നഷ്ടം വലുതാണെന്നും, അദ്ദേഹത്തിന്റെ മകന് ഇനി ഒരിക്കലും അച്ഛനെ കാണാൻ കഴിയില്ലെന്നും മാതാപിതാക്കൾക്ക് മകനെയും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ആളുകൾ ഈ സംഭവത്തോട് ദേഷ്യത്തോടെയോ വെറുപ്പോടെയോ പ്രതികരിക്കരുതെന്നും, പകരം തങ്ങളുടെ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടും കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ടും മുന്നോട്ട് വരണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
മുൻ മണിപ്പൂർ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. വിക്രം സിങ്ങിന്റെ കുടുംബത്തിന്റെ സംഗീത പാരമ്പര്യത്തെ അനുസ്മരിച്ച അദ്ദേഹം, ആകാശവാണിയിലെ പ്രശസ്ത ഗായികയായിരുന്ന അമ്മ ചോങ്തം കമലയുടെ സംഗീതം വിക്രമിനെ ഏറെ സ്വാധീനിച്ചിരുന്നു എന്ന് വ്യക്തമാക്കി. രാജ്യത്തെ വലിയ നഗരങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇപ്പഴും വിവേചനം നേരിടുന്നുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ തമ്മിലുള്ള ഐക്യവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇത്തരം സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

