സ്പീക്കറെ നീക്കും മുമ്പ് ഗ്യാനേഷിനെ ഇംപീച്ച് ചെയ്യണം- തൃണമുൽ കോൺഗ്രസ്
text_fieldsഗ്യാനേഷ് കുമാർ, ഓം ബിർള
ന്യൂഡൽഹി: സ്പീക്കർ ഓം ബിർളയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനേക്കാൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുകയെന്നതാണ് മുൻഗണനയെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി). അത് കൊണ്ടാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസിൽ ഒപ്പിടാതിരുന്നതെന്ന് പാർട്ടിയുടെ ലോക്സഭാ കക്ഷി നേതാവ് അഭിഷേക് ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസിൽ ടി.എം.സി ഒപ്പിട്ടില്ലെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ടി.എം.സി മുൻകൈ എടുത്ത് കൊണ്ടുവരുന്ന ഇംപീച്ച്മെന്റ് നോട്ടീസിൽ തങ്ങൾ ഒപ്പുവെക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ അദ്ദേഹവുമായും മറ്റു കമീഷണർമാരുമായും പാർട്ടി പ്രതിനിധി സംഘങ്ങൾ നിരവധി കൂടിക്കാഴ്ചകൾ നടത്തി. പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആറ് കത്തുകളെഴുതി. എന്നിട്ടും ഒരു ഫലവുമുണ്ടായില്ലെന്നും അഭിഷേക് പറഞ്ഞു. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയ നോട്ടീസിൽ കോൺഗ്രസ് ഒപ്പുവെക്കുമെന്ന് സ്പീക്കറെ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തത് ഉൾപ്പെടെ ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെയുള്ള പരാതികൾ ശരിവെച്ച അഭിഷേക് ബാനർജി പ്രശ്ന പരിഹാരത്തിന് നിർമാണാത്മകമായ സമീപനം അനിവാര്യമാണെന്നും ഏറ്റുമുട്ടലിനായിട്ടില്ലെന്നും പറഞ്ഞു. എന്നാൽ ഗ്യാനേഷ് കുമാറിനെ തിരുത്താനുള്ള എല്ലാ വഴികളും അടഞ്ഞത് കൊണ്ടാണ് ഇംപീച്ച്മെന്റ് ആവശ്യമായി വരുന്നത്.
സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസിൽ ഒപ്പുവെക്കുന്നതിനോട് പാർട്ടിക്ക് വിമുഖതയില്ല. എന്നാൽ പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കുന്ന കാര്യത്തിലും എട്ട് എം.പിമാരുടെ സസ്പെൻഷൻ കാര്യത്തിലും സ്പീക്കർക്ക് മൂന്ന് ദിവസം കൂടി സമയം നൽകണമെന്നും വ്യാഴാഴ്ച വരെ കാത്തിരിക്കണമെന്നുമാണ് തങ്ങൾ കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. അങ്ങേയറ്റത്തെ നടപടിയിലേക്ക് ആദ്യമേ കടക്കുന്നതിന് പകരം ഘട്ടം ഘട്ടമായി പ്രശ്നത്തെ സമീപിക്കണമെന്നാണ് ടി.എം.സി ആഗ്രഹിക്കുന്നത്. സ്പീക്കറെ മാറ്റുകയെന്നത് അവസാന വഴി മാത്രമാണ്.
സഭ നടക്കണമെന്ന ആഗ്രഹമാണ് പ്രതിപക്ഷത്തിനെന്നും എന്നാൽ നടക്കരുതെന്ന് ആഗ്രഹിക്കുന്നത് സർക്കാറാണെന്നും അഭിഷേക് കുറ്റപ്പെടുത്തി. സ്തംഭനം മൂലം സഭയിൽ സംസാരിക്കാൻ ആഗ്രഹിക്കുന്ന എം.പിമാരുടെ സമയമാണ് നഷ്ടമാകുന്നതെന്നും അഭിഷേക് ഓർമിപ്പിച്ചു. ജനങ്ങൾക്ക് വേണ്ടി സഭയിൽ സംസാരിക്കാനാണ് അവർ തെരഞ്ഞെടുത്തയച്ചത്. എന്നാൽ സർക്കാർ സഭ നടക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ബാനർജി പറഞ്ഞു.
സ്പീക്കറെ നീക്കംചെയ്യാൻ പ്രതിപക്ഷ നോട്ടീസിലെ നാല് കാരണങ്ങൾ
- ഫെബ്രുവരി രണ്ടിന് രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല.
- ഫെബ്രുവരി മൂന്നിന് പ്രതിഷേധിക്കുകയെന്ന ജനാധിപത്യപരമായ അവകാശം വിനിയോഗിച്ചതിന് പിറ്റേന്ന് എട്ട് പ്രതിപക്ഷ എം.പിമാരെ ബജറ്റ് സമ്മേളനം കഴിയുന്നത് വരെ സസ്പെൻഡ് ചെയ്തു.
- ഫെബ്രുവരി നാലിന് എല്ലാ കീഴ് വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ച് മുൻ പ്രധാനമന്ത്രിമാർക്കെതിരെ അങ്ങേയറ്റം അവഹേളനപരമായ പരാമർശം സഭയിൽ നടത്തുന്നതിന് ബി.ജെ.പി എം.പിയെ (നിഷികാന്ത് ദുബെ) ഒരു തടസ്സവുമില്ലാതെ അനുവദിച്ചു. സ്ഥിരം കുറ്റവാളിയായ ആ ബി.ജെ.പി എം.പിക്കെതിരെ നിരന്തരം അഭ്യർഥിച്ചിട്ടും നടപടിയെടുത്തില്ല.
- അപ്രതീക്ഷിതമായ വല്ലതും ചെയ്യാനുള്ള ഒരുക്കത്തിൽ കോൺഗ്രസ് വനിത അംഗങ്ങൾ പ്രധാനമന്ത്രിയുടെ സീറ്റിനുനേരെ നീങ്ങുകയായിരുന്നുവെന്ന് തനിക്ക് വ്യക്തമായ വിവരം ലഭിച്ചെന്നും അതുകൊണ്ട് രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് സഭയിൽ വരരുതെന്ന് താൻ പറഞ്ഞിരുന്നുവെന്നുമുള്ള അങ്ങേയറ്റം വ്യാജമായ ആരോപണം ഓംബിർള സഭയിൽ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

