ബംഗാളികളെ വിദേശികളായി ചിത്രീകരിച്ചാൽ വായിൽ ആസിഡൊഴിച്ച് കത്തിച്ചുകളയും; ബി.ജെ.പി എം.എൽ.എക്ക് ഭീഷണിയുമായി ടി.എം.സി നേതാവ്
text_fieldsകൊൽക്കത്ത: ബംഗാളികളെ വിദേശികളായി ചിത്രീകരിച്ചാൽ ബി.ജെ.പി എം.എൽ.എയുടെ വായിൽ ആസിഡ് ഒഴിക്കുമെന്ന ഭീഷണിയുമായി തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ്. പശ്ചിമബംഗാൾ മാൾഡ ജില്ലയിലെ ടി.എം.സി പ്രസിഡന്റ് അബ്ദുർ റഹീം ബക്ഷിയാണ് പ്രകോപനപരമായ പരാമർശം നടത്തിയത്.
ബി.ജെ.പി നിയമസഭാംഗമായ ശങ്കർ ഘോഷിനെതിരെ പേര് പരാമർശിക്കാതെയായിരുന്നു ബക്ഷിയുടെ പരാമർശം. ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ റോഹിംഗ്യകൾ എന്നും ബംഗ്ലാദേശികൾ എന്നും വിശേഷിപ്പിച്ച് നിയമസഭയിൽ ഘോഷ് നടത്തിയ മുൻകാല പ്രസംഗങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഭീഷണി.
‘ബംഗാളിൽ നിന്ന് ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന 30 ലക്ഷം കുടിയേറ്റ തൊഴിലാളികളെ, റോഹിംഗ്യകളാണെന്നും ബംഗ്ലാദേശികളാണെന്നും ലജ്ജയില്ലാതെ പറയുന്നയാളോടാണ്. ഞാൻ നിങ്ങളെ ഓർമിപ്പിക്കുന്നു, അതേ വാക്കുകൾ നിങ്ങളിൽ നിന്ന് വീണ്ടും കേട്ടാൽ, നിങ്ങളുടെ വായിൽ ആസിഡ് ഒഴിച്ച് കത്തിച്ചുകളയും. ഇത് പശ്ചിമ ബംഗാൾ ആണെന്ന് നിങ്ങൾ മറക്കരുത്. ഞങ്ങൾ ബംഗാളികൾ നിങ്ങളെ മിണ്ടാനനുവദിക്കില്ല. നിങ്ങളുടെ മുഖം ആസിഡ് ഒഴിച്ച് കത്തിക്കും.’-ബക്ഷി പ്രസംഗമധ്യേ പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്നവർക്കെതിരെ വർധിച്ച അതിക്രമങ്ങൾക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അബ്ദുർ റഹീം ബക്ഷി. ഏതാനും വർഷങ്ങൾക്ക് മുമ്പ് ബി.ജെ.പി, സി.പി.എം, കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും കൈകാലുകൾ വെട്ടിമാറ്റുമെന്ന് ഭീഷണിയുയർത്തി അബ്ദുർ റഹീം പുലിവാല് പിടിച്ചിരുന്നു.
ബി.ജെ.പി പതാകകൾ വലിച്ചുകീറണമെന്നും ജില്ലയിൽ പാർട്ടിയെ സാമൂഹികമായി ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഭരണകക്ഷി ഭീഷണിപ്പെടുത്തലിന്റെയും അക്രമത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.