മഹുവ മൊയ്ത്രക്ക് ഒരു നിലവാരവുമില്ല; അവരെ കുറിച്ച് ചർച്ച ചെയ്ത് സമയം പാഴാക്കാനില്ലെന്ന് കല്യാൺ ബാനർജി
text_fieldsകല്യാൺ ബാനർജി, മഹുവ മൊയ്ത്ര
കൊൽക്കത്ത: സഹപ്രവർത്തകയായ മഹുവ മൊയ്ത്ര എം.പിയെ നിലവാരമില്ലാത്തവളെന്ന് അധിക്ഷേപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭ എം.പിയുമായ കല്യാൺ ബാനർജി. നാലുതവണ പാർലമെന്റ് അംഗമായിരുന്ന കല്യാൺ ബാനർജി അടുത്തിടെ ലോക്സഭയിൽ തൃണമൂലിന്റെ ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചിരുന്നു. പാർട്ടിയിലെ ആഭ്യന്തര കലഹത്തിന്റെ സൂചനയായിരുന്നു ആ രാജി. മഹുവ മൊയ്ത്ര കാരണം തന്റെ നിരവധി പാർട്ടി പ്രവർത്തകർക്ക് താനൊരു മോശം വ്യക്തിയായി തോന്നിയെന്നും അവർ തന്റെ സമയമോ ശ്രദ്ധയോ അർഹിക്കുന്നില്ലെന്നും കല്യാൺ അറിയിച്ചു.
''ആ സ്ത്രീ എന്റെ വിഷയമല്ല, അവർക്ക് ഒരു നിലവാരവുമില്ല. അവരെ കുറിച്ച് ചർച്ച ചെയ്ത് സമയം പാഴാക്കാനില്ല. അവർ കാരണം ഞാൻ നിരവധി ആളുകൾക്ക് മോശക്കാരനായി മാറി''-കല്യാൺ ബാനർജി പറഞ്ഞു. 'അവരുടെ ആരോപണങ്ങളിൽ ഞാൻ ഒരുപാട് സമയം പാഴാക്കി. എന്റെ ഊർജം വെറുതെ കളഞ്ഞു. അവർ എന്റെ ശ്രദ്ധ അർഹിക്കുന്നില്ല. എന്നിട്ടും അവർക്ക് ശ്രദ്ധ നൽകിയത് എന്റെ തെറ്റാണ്. എനിക്ക് ഒരുപാട് ജോലികൾ ചെയ്തു തീർക്കാനുണ്ട്. '-കല്യാൺ പറഞ്ഞു.
മഹുവയും കല്യാണും തമ്മിലുള്ള കലഹം പരസ്യമാണ്. പാർട്ടി നേതൃത്വത്തിന് തന്നെ നാണക്കേടാണിതെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇരുവരും പരസ്പരം അധിക്ഷേപിക്കുകയായിരുന്നു.
ചിലർ പാർലമെന്റിൽ ഹാജരാകുന്നില്ലെന്ന സഹ എം.പിയായ മഹുവയുടെ പരാമർശമാണ് പാർലമെന്റിലെ പാർട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാൻ കാരണമെന്നും കല്യാൺ ആരോപിച്ചിരുന്നു. ആ ആരോപണങ്ങളിൽ പാർട്ടി മൗനം പാലിച്ചത് വേദനിപ്പിച്ചുവെന്നും കല്യാൺ ബാനർജി പറഞ്ഞിരുന്നു. വെസ്റ്റ് ബംഗാളിൽ നിന്നുള്ള എം.പിയാണ് കല്യാൺ ബാനർജി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.