യു.എസിന്റെ അധിക തീരുവയുടെ ആഘാതത്തിൽ നിന്ന് ഇന്ത്യ പെട്ടെന്ന് കരകയറുമോ? മുതിർന്ന സാമ്പത്തിക വിദഗ്ധൻ പറയുന്നത് ഇങ്ങനെ...
text_fieldsവി അനന്ത നാഗേശ്വരൻ
ന്യൂഡൽഹി: യു.എസിന്റെ അധിക തീരുവയുടെ ആഘാതം അമേരിക്കൻ വിപണിയെ വളരെയധികം ആശ്രയിക്കുന്ന കയറ്റുമതി അധിഷ്ഠിത യൂനിറ്റുകളിൽ മാത്രമാണ് കൂടുതൽ തൊഴിൽ നഷ്ടമുണ്ടാക്കുകയെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ.
ഈ മാസാദ്യമാണ് റഷ്യൻ വാങ്ങുന്നതിനുൾപ്പെടെ ഇന്ത്യക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ അധിക തീരുവകളുമായി മുന്നോട്ടു പോകുമെന്നും ട്രംപ് ഭീഷണി മുഴക്കി. എന്നാൽ അധിക കാലം അതുണ്ടാക്കുന്ന ആഘാതം നിലനിൽക്കില്ലെന്നാണ് അനന്ത നാഗേശ്വരൻ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചത്. നല്ല മൺസൂൺ കാലവും ഗ്രാമീണ ഉപഭോഗത്തിലെ വർധനവും മൂലം ഉൽപ്പാദനം വർധിപ്പിക്കുകയും ഈ സാധനങ്ങൾക്ക് ആഭ്യന്തര ഉപയോക്താക്കളുടെ എണ്ണം വർധിക്കുകയും ചെയ്താൽ ട്രംപിന്റെ തീരുവ യുദ്ധത്തിൽ നിന്ന് ഇന്ത്യക്ക് കരകയറാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ സംഭവിക്കുന്ന തൊഴിൽ നഷ്ടങ്ങൾ കാര്യമായിരിക്കില്ല. ചില സ്ഥാപനങ്ങൾക്ക് ബദൽ വിപണികൾ കണ്ടെത്താൻ സാധിക്കും. തീരുവ മൂലമുള്ള ഭീഷണി താൽകാലികമാണെന്ന് ബോധ്യപ്പെടുത്താൻ സാധിക്കുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 25 ശതമാനം പിഴ തീരുവ ഒഴിവാക്കുന്നതിനും തുടർന്നുള്ള ഉഭയകക്ഷി വ്യാപാര കരാറിനുമായി ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിവരുന്നതിനാൽ കുറച്ചു കാലത്തേക്ക് മാത്രമായിരിക്കും ഈ തീരുവയെന്നും അനന്ത നാഗേശ്വരൻ വിലയിരുത്തി.
ഇറക്കുമതി വളർച്ചയെ ബാധിക്കുന്ന താരിഫുകൾ ആഭ്യന്തര ഉൽപ്പാദനത്തിലേക്കും മൂലധന രൂപീകരണത്തിലേക്കും വ്യാപിക്കുന്നതിനാൽ വരാനിരിക്കുന്ന സാമ്പത്തിക പാദങ്ങളിൽ പ്രത്യേകിച്ച് ബാഹ്യ മേഖലയിൽ ചില പ്രത്യാഘാതങ്ങൾ കാണാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ താരിഫ് സംബന്ധമായ അനിശ്ചിതത്വങ്ങൾ ദീർഘകാലം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ ഉണ്ടാകുന്ന മാന്ദ്യം നിയന്ത്രിക്കാവുന്നതും താൽകാലികവുമായിരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. യു.എസിന്റെ പകരച്ചുങ്കവും പിഴച്ചുങ്കവും ഉണ്ടായിരുന്നിട്ടും ഒന്നാം പാദത്തിലെ വളർച്ചയുടെ സ്ഥിരത കണ്ടതിനു ശേഷം നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച നിരക്ക് പ്രവചനങ്ങൾ 6.3-6.8 ശതമാനമായി നിലനിൽക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.