തമിഴ്നാട് പുകയുന്നു, ഗവർണർക്കെതിരെ ടി.വി.കെയുടെ വൻപ്രതിഷേധം; 'വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം'
text_fieldsചെന്നൈ: വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഗവർണർക്കെതിരെ ലോക് ഭവന് മുന്നിൽ തമിഴക വെട്രി കഴകം (ടി.വി.കെ) പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതായും റിപ്പോർട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും, തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ടി.വി.കെ കേവല ഭൂരിപക്ഷം തെളിയിക്കണമെന്ന് നിർബന്ധിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ചെന്നൈയിലെ ലോക് ഭവന് പുറത്ത് ടി.വി.കെ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തിയത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും വനിതാ പ്രവർത്തകർ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി.
തിരഞ്ഞെടുപ്പിൽ 108 സീറ്റ് നേടിയ ടി.വി.കെക്ക് കോൺഗ്രസിന്റെ പിന്തുണ അടക്കം സർക്കാർ രൂപീകരണത്തിന് 112 പേരുടെ പിന്തുണയാണ് നേടാൻ കഴിഞ്ഞത്. വിജയ് രണ്ടു സീറ്റിൽ മത്സരിച്ചിരുന്നു. അതിനാൽ ടി.വി.കെക്ക് വോട്ടെടുപ്പിൽ ഒരു വോട്ട് കുറയും. 234 അംഗങ്ങളുള്ള നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 സീറ്റുകൾ വേണം. വ്യാഴാഴ്ച വിജയ് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ സമീപിച്ചപ്പോൾ കേവല ഭൂരിപക്ഷം അത്യാവശ്യമാണ് എന്ന് അറിയിക്കുകയായിരുന്നു. ഇത് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കുകയായിരുന്നു. സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിന് അവസരം നൽകണമെന്നാണ് ടി.വി.കെയുടെ ആവശ്യം.
വിജയ്ക്ക് മുഖ്യമന്ത്രിയാകാൻ അവസരം നൽകിയില്ലെങ്കിൽ, ഭാവിയിൽ കൂടുതൽ പ്രതിഷേധങ്ങൾ നടത്തുമെന്ന് ടി.വി.കെ പ്രവർത്തകൻ സുരേഷ് പറഞ്ഞു. ഗവർണർ വിജയിനെ തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട പ്രവർത്തകരെ പിന്നീട് പോലീസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. 118 ന് ഇപ്പോഴും ആറ് പേരുടെ പിന്തുണ കൂടി വേണം. അതിനിടെ ഡി.എം.കെയും എ.ഐ.എഡി.എം.കെയും ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ 107 എം.എൽ.എമാരും കൂട്ടരാജിവെക്കുമെന്ന് ടി.വി.കെ പ്രഖ്യാപിച്ചു. അതിനിടെ, പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നിലവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. തമിഴക വെട്രി കഴകം സർക്കാർ രൂപീകരിക്കുന്നത് തടയാൻ താനില്ലെന്നും ആറ് മാസത്തേക്ക് പുതിയ സർക്കാരിനെ ശല്യപ്പെടുത്തില്ലെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.തമിഴ്നാട് രാഷ്ട്രീയത്തിൽ ഡി.എം.കെയും എ.ഐ.എഡി.എം.കെയും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് ഒരു സഖ്യമുണ്ടായാൽ അത് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചരിത്രമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

