പാക് ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ച രണ്ട് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
text_fieldsലണ്ടൻ: പഹൽഗാം ഭീകരാക്രമണത്തിൽ ലണ്ടനിലെ പാകിസ്താൻ ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ച രണ്ട് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒരാളെ ഹൈക്കമീഷന്‍റെ മുമ്പിൽ നിന്നും പ്രതിഷേധ സ്ഥലത്ത് നിന്ന് കടന്നുകളയാൻ ശ്രമിച്ച മറ്റൊരാളെ പിന്തുടർന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തതിന്‍റെ വിഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കസ്റ്റഡിയിലായ ആൾ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. പാക് ഹൈക്കമീഷൻ കെട്ടിടത്തിൽ നിന്ന് പുറത്തുവന്ന ഒരു ഉദ്യോഗസ്ഥൻ പ്രതിഷേധത്തിൽ പങ്കെടുത്ത വനിതയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ പാക് ഹൈക്കമീഷന് മുമ്പിൽ 500ഓളം വരുന്ന ഇന്ത്യൻ പ്രവാസികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പതാകയും ബാനറുകളും പ്ലക്കാർഡുകളും പിടിച്ചായിരുന്നു പ്രതിഷേധം.
അതിനിടെ, പ്രതിഷേധിച്ച ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് പാക്കിസ്താൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. ഇന്ത്യക്കാർക്ക് നേരെ പാക് ആർമി അറ്റാഷെ കേണൽ തൈമൂർ റാഹത്ത് കഴുത്തറുക്കുമെന്ന് ആംഗ്യം കാണിച്ചു. പാക് സൈനിക ഉദ്യോഗസ്ഥന്‍റെ പ്രകോപനപരമായ നടപടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനം ഉയരുകയും ചെയ്തു.
പ്രതിഷേധക്കാരുടെ മുദ്രാവാക്യം വിളികളെ പ്രതിരോധിക്കാനും പരിഹസിക്കാനും പാക് ഹൈക്കമീഷനിലെ ഉദ്യോഗസ്ഥർ ഉച്ചത്തിൽ പാട്ട് വെക്കുകയും ബഹളം വെക്കുകയും ചെയ്തു. പാകിസ്താൻ കശ്മീരികൾക്കൊപ്പമാണെന്ന് എഴുതിയ ബാനർ കെട്ടിടത്തിൽ കെട്ടിയിരുന്നു. ഇന്ത്യക്ക് കൈമാറിയ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാന്‍റെ ചിത്രം പതിച്ച ബോർഡ് പാക് സൈനിക ഉദ്യോഗസ്ഥന്‍ ഉയർത്തി കാണിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.