ഇരട്ടക്കരുത്ത്; നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ കൂടി നീറ്റിലിറങ്ങി
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനക്ക് കൂടുതൽ കരുത്തുപകർന്ന് രണ്ട് യുദ്ധക്കപ്പലുകള്‍ കൂടി നീറ്റിലിറങ്ങി. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ തദ്ദേശീയമായി നിർമിച്ച ഐ.എൻ.എസ് ഉദയഗിരി, ഐ.എൻ.എസ് ഹിംഗിരി എന്നീ കപ്പലുകളാണ് ചൊവ്വാഴ്ച കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നീറ്റിലിറക്കിയത്.
ആദ്യമായാണ് രാജ്യത്തെ പ്രമുഖ കപ്പല്‍ശാലകളില്‍നിന്ന് രണ്ട് പ്രധാന കപ്പലുകള്‍ ഒരേ സമയം കമ്മിഷന്‍ ചെയ്യുന്നത്. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (എം.ഡി.എൽ) നിർമ്മിച്ച പ്രോജക്ട് 17 എ സ്റ്റെൽത്ത് ഫ്രിഗേറ്റുകളിലെ രണ്ടാമത്തെ കപ്പലാണ് ഐ.എൻ.എസ് ഉദയഗിരി. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് (ജി.ആർ.എസ്.ഇ) നിർമ്മിച്ച പ്രോജക്ട് 17 എ കപ്പലുകളിൽ ആദ്യത്തേതാണ് ഐ.എൻ.എസ് ഹിംഗിരി.
ആധുനിക ആയുധങ്ങൾ വഹിക്കാനാവുന്ന രീതിയിൽ നിർമിച്ച കപ്പലുകൾക്ക് ഉപരിതല, വ്യോമ യുദ്ധങ്ങളിലും, അന്തർവാഹിനികളെ നേരിടുന്നതിലും നിർണായക പങ്ക് വഹിക്കാനാകും. കപ്പലുകളുടെ രൂപകൽപ്പനയിൽ 75 ശതമാനവും തദ്ദേശീയമായി നിർമിച്ച ഭാഗങ്ങളാണ് ഉപയോഗപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി 4,000 നേരിട്ടുള്ള തൊഴിലും 10,000 ത്തിലധികം പരോക്ഷ തൊഴിലും സൃഷ്ടിച്ചു. 200 ലധികം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) സേവനം പ്രയോജനപ്പെടുത്തി.
കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന സൂപ്പര്‍സോണിക് മിസൈലുകള്‍, ഇടത്തരം ദൂരപരിധിയുള്ള കരയിൽ നിന്ന് വായുവിലേക്ക് തൊടുക്കുന്ന മിസൈലുകള്‍, 76 എം.എം എം.ആര്‍ ഗണ്‍, 30 എം.എം, 12.7 എം.എം ക്ലോസ്-ഇന്‍ വെപ്പണ്‍ സിസ്റ്റങ്ങള്‍, കൂടാതെ സമുദ്രാന്തർഭാഗത്ത് പ്രവർത്തിപ്പിക്കാവുന്ന ആയുധ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഉള്ളവയാണ് കപ്പലുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.