ശമനമാകാത്ത മണിപ്പൂർ കലാപത്തിന് രണ്ടുവർഷം; സഞ്ചാര സ്വാതന്ത്ര്യമില്ല
text_fieldsമണിപ്പൂരിലെ വിജനമായ തെരുവ്
ന്യൂഡൽഹി: 2023 മേയ് മൂന്നിന് ആരംഭിച്ച മണിപ്പൂർ കലാപം രണ്ടുവർഷം പിന്നിടുമ്പോഴും ശമനമായില്ല. കലാപം തുടങ്ങി മൂന്നുമാസം കഴിഞ്ഞപ്പോൾ തന്നെ ഭരണഘടനാ സംവിധാനങ്ങൾ പൂർണമായി തകർന്നെന്ന് സുപ്രീം കോടതി തുറന്നടിച്ചിരുന്നു. എന്നാൽ, മാസങ്ങൾ വർഷങ്ങളായിട്ടും തകർന്ന സംവിധാനങ്ങളൊന്നും പുനഃസ്ഥാപിച്ചില്ല. വീടുവിട്ടോടി അഭയാർഥികളായവരിൽ പലരും കലാപത്തിന്റെ രണ്ടാം വാർഷികത്തിലും സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാകാതെ അഭയാർഥി ക്യാമ്പുകളിലാണ്.
കലാപം നടന്ന മണിപ്പൂരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്ന് തവണ ചെന്നെങ്കിലും പ്രധാനമന്ത്രി ഒരിക്കൽ പോലുമെത്തിയില്ല. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ 21 എം.പിമാർ മണിപ്പൂർ സന്ദർശിച്ചു. പശ്ചിമ ബംഗാളിലെ ഓരോ അക്രമ സംഭവങ്ങളിലും വസ്തുതാന്വേഷണ സംഘത്തെ അയക്കാറുള്ള ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ മണിപ്പൂരിനുനേരെ കണ്ണടച്ചു. മണിപ്പൂരിൽ 4,786 വീടുകളും 386 ആരാധനാലയങ്ങളും തകർക്കപ്പെട്ടെന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കാഷാം മേഘചന്ദ്ര സിങ് പറഞ്ഞത്. 260 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 302 ദുരിതാശ്വാസ ക്യാമ്പുകളിലായി 68,000 പേർ ഇപ്പോഴും മനുഷ്യത്വരഹിതമായ സാഹചര്യത്തിൽ കഴിയുന്നു.
സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാനവർക്ക് പേടിയാണ്. ഫെബ്രുവരി 30ന് രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ ശേഷവും മണിപ്പൂർ സാധാരണനിലയിലേക്ക് മടങ്ങിയിട്ടില്ല. രണ്ടുവർഷമായി മണിപ്പൂരിൽ സഞ്ചാര സ്വാതന്ത്ര്യമില്ല. ദേശീയപാത കഴിഞ്ഞ രണ്ടുവർഷമായി തടസ്സപ്പെട്ട നിലയിലാണ്. ഒരു സമുദായത്തിന് മറ്റൊരു സമുദായമുള്ള പ്രദേശത്തേക്ക് പോകാനാകില്ല.
ഡൽഹിയിൽ പ്രകടനവുമായി കുക്കി, മെയ്തെയ് വിഭാഗങ്ങൾ
ന്യൂഡൽഹി: മണിപ്പൂരിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ട് രണ്ടു വർഷം പൂർത്തിയായ ശനിയാഴ്ച ഡൽഹിയിൽ പ്രകടനവുമായി കുക്കി, മെയ്തെയ് വിഭാഗങ്ങൾ. ജന്തർമന്തർ കേന്ദ്രീകരിച്ച് ഇരുവിഭാഗങ്ങളുടെയും വെവ്വേറെ പ്രകടനങ്ങൾ നടന്നു. കറുത്ത വസ്ത്രം ധരിച്ച് പ്രകടനത്തിൽ അണിനിരന്ന കുക്കികൾ തങ്ങളുടെ വിഭാഗത്തിന് പ്രത്യേക കേന്ദ്രഭരണപ്രദേശമെന്ന ആവശ്യമുന്നയിച്ചു. ഇൻഡിജെനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐ.ടി.എൽ.എഫ്), ഡൽഹിയിലെ കുക്കി-സോ വനിതാ ഫോറം (കെ.സെഡ്.ഡബ്ല്യു.എഫ്.ഡി) എന്നിവർ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടുവർഷത്തിനിപ്പുറവും തങ്ങൾ കുടിയിറക്കപ്പെട്ടവരായി തുടരുകയാണെന്ന് കുക്കി-സോ ആക്ടിവിസ്റ്റായ ഗ്ലാഡി വൈപേയ് ഹോഞ്ചൻ പറഞ്ഞു. കൊല്ലപ്പെട്ടവർക്കും കുടിയിറക്കപ്പെട്ടവർക്കുംവേണ്ടി മൗനം ആചരിച്ച പ്രതിഷേധക്കാർ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളും ഉയർത്തി.
അതേസമയം, ഡൽഹി മെയ്തെയ് കോഓഡിനേറ്റിങ് കമ്മിറ്റിയുടെ ബാനറിന് കീഴിലായിരുന്നു വെള്ള വസ്ത്രധാരികളായി എത്തി മെയ്തെയ് വിഭാഗത്തിന്റെ പ്രതിഷേധം. കലാപത്തിൽ കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പൂരിൽനിന്നുള്ള മെയ്തെയ് വിഭാഗക്കാരനായ ആർ.കെ. ഖൈദാസൻ കലാപകാലഘട്ടത്തിലെ അനുഭവം പങ്കുവെച്ചു. വിവിധ ആവശ്യങ്ങളുന്നയിക്കുന്ന പ്ലക്കാർഡുകളും ഉയർത്തി.
പ്രധാനമന്ത്രി പരാജയം- ഖാർഗെ
ന്യൂഡൽഹി: കലാപം തുടങ്ങി രണ്ട് വർഷമായിട്ടും ഒരിക്കൽ പോലും മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രി രാജധർമം ഉയർത്തിപ്പിടിക്കുന്നതിൽ പരാജയമാണെന്ന് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. 2022 ജനുവരിയിൽ മണിപ്പൂരിലെ അവസാന തെരഞ്ഞെടുപ്പ് റാലിക്കുശേഷം 44 വിദേശ സന്ദർശനങ്ങളും 250 ആഭ്യന്തര യാത്രകളും നടത്തിയ മോദി ഒരു സെക്കൻഡ് പോലും മണിപ്പൂരിൽ ചെലവിട്ടില്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് എന്തുകൊണ്ടാണ് മണിപ്പൂർ ജനതയോട് ഇത്ര പുച്ഛവും നിർവികാരതയുമെന്ന് ഖാർഗെ ചോദിച്ചു. എവിടെയാണ് താങ്കളുടെ രാഷ്ട്രീയ ഉത്തരവാദിത്ത ബോധം? കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചട്ടങ്ങൾ നടപ്പാക്കിയിട്ടും അക്രമ സംഭവങ്ങൾ എന്തു കൊണ്ട് നിർത്താൻ കഴിഞ്ഞില്ല? കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ച സമാധാന കമ്മിറ്റികൾക്ക് എന്തു സംഭവിച്ചു? എന്തുകൊണ്ട് എല്ലാ സമുദായങ്ങളിലും പെട്ട ഇരകളെ ഡൽഹിയിൽ പോലും കണ്ടില്ല? എന്തുകൊണ്ട് മണിപ്പൂരിന് പ്രത്യേക പാക്കേജ് നൽകിയില്ല?- ഖാർഗെ ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.