Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

`തെളിവുകൾ ഹാജരാക്കണം': വിജയ്‌യുടെ ആരോപണങ്ങളിൽ തിരിച്ചടിച്ച് ഉദയനിധി സ്റ്റാലിൻ

text_fields
bookmark_border
`തെളിവുകൾ ഹാജരാക്കണം: വിജയ്‌യുടെ ആരോപണങ്ങളിൽ തിരിച്ചടിച്ച് ഉദയനിധി സ്റ്റാലിൻ
cancel

ചെന്നൈ: നിയമസഭയിൽ ഡി.എം.കെയ്‌ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യാതൊരു തെളിവും നൽകാതെ മുഖ്യമന്ത്രി ഡി.എം.കെയ്‌ക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചതെന്നും മറുപടി നൽകാൻ പ്രതിപക്ഷത്തിന് അവസരം നൽകിയില്ലെന്നും ഉദയനിധി പറഞ്ഞു. മറുപടി നൽകാൻ അവസരം നൽകണമെന്ന് ഞങ്ങൾ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഒരു അവസരവും നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രമസമാധാനത്തെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിലൊന്നിനും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നും അതിൽ നിന്ന് വഴിതിരിച്ചുവിടാനാണ് ഡി.എം.കെയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ പേരിൽ ഡി.എം.കെ നേതാക്കളെ ലക്ഷ്യമിടാൻ സർക്കാരിന് എന്ത് അവകാശമുണ്ടെന്നും അദ്ദേഹം ചോദിച്ചു."ഇ.ഡി പറഞ്ഞത് വെറും ആരോപണങ്ങൾ മാത്രമാണ്. സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിന് ശേഷം ഡി.എം.കെ മൂന്ന് തവണ അധികാരത്തിൽ വന്നു. അവർ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്," അദ്ദേഹം പറഞ്ഞു.

"മുഖ്യമന്ത്രിക്കെതിരെ തന്നെ ആദായനികുതി കേസ് ഉണ്ട്. പൊതുമരാമത്ത് മന്ത്രിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുണ്ട്. തമിഴക വെട്രി കഴകത്തിന്റെ എല്ലാ മന്ത്രിമാർക്കുമെതിരെയും കേസുകളുണ്ട്. തങ്ങളെ ചോദ്യം ചെയ്യാൻ അവർക്ക് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഡി.എം.കെ നേതാവ് കെ.എൻ. നെഹ്രുവുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന റെയ്ഡുകളെക്കുറിച്ചും പ്രതിപക്ഷ നേതാവ് പരാമർശിച്ചു. തെളിവായി ഒന്നുമില്ലെന്ന് മണിക്കൂറുകൾക്കുള്ളിൽ അധികാരികൾ കണ്ടെത്തിയതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പാർട്ടി ഫണ്ടിന്റെ പേരിൽ ഡി.എം.കെ അഴിമതി നടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ ആരോപിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ പരാമർശങ്ങൾ വന്നത്. പാർട്ടി ഫണ്ടിന്റെ പേരിൽ പണം പിരിച്ചതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, മന്ത്രി സെന്തിൽ ബാലാജി എന്നിവരുടെ പേരുകൾ ഇ.ഡി പരാമർശിച്ചിട്ടുണ്ടെന്ന് വിജയ് അവകാശപ്പെട്ടു.

മുൻ മുഖ്യമന്ത്രി എം. കരുണാനിധി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച സർക്കാരിയ കമ്മീഷൻ റിപ്പോർട്ടും വിജയ് ഉദ്ധരിച്ചു. പോലീസ് വകുപ്പിലെ ഒഴിവുകൾ നികത്തുമെന്നും വകുപ്പ് ഡിജിറ്റൽവൽക്കരിക്കുമെന്നും പറഞ്ഞു. ഇടപെടലുകൾ ഒന്നുമില്ലാതെ പോലീസ് സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - udhayanidhi stalin hits back at cm vijay over dmk corruption charges
Next Story