ഡൽഹിയിൽ യു.ജി.സി തുല്യത, സംവരണ വിരുദ്ധ പ്രതിഷേധം
text_fieldsന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയുന്നത് ലക്ഷ്യമിട്ട് തയാറാക്കിയ 2026ലെ യു.ജി.സി തുല്യതാ ചട്ടങ്ങൾക്കെതിരെയും രാജ്യത്തെ സംവരണങ്ങളിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും ഡൽഹിയിൽ പ്രതിഷേധം. സംവരണ പരിഷ്കരണ ആന്ദോളന്റെ ബാനറിൽ ഡൽഹി ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിൽ രാജസ്ഥാൻ കേന്ദ്രീകരിച്ചുള്ള ജനറൽ സേന, ചാണക്യ സേന, കർണി സേന തുടങ്ങിയ സംഘടനാ പ്രവർത്തകർ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം സമർപ്പിക്കുന്നത് വരെ ജന്തർമന്തറിൽ സമരം തുടരുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിന് പകരം സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം. ജന്തർമന്തറിൽ പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. വലിയതോതിൽ പ്രതിഷേധക്കാർ ജന്തർമന്തറിൽ തടിച്ചുകൂടാൻ തുടങ്ങിയതോടെ രാംലീല മൈതാനത്ത് സമരം നടത്താൻ അനുമതി നൽകി. എന്നാൽ, പൊലീസിന്റെ നിർദേശം തള്ളിയ പ്രതിഷേധക്കാർ ജന്തർമന്തറിൽതന്നെ തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

