ഉജ്ജയിൻ ഷാഹി മസ്ജിദ് പൊളിക്കാൻ നീക്കം; പള്ളിയിൽ രാപ്പകൽ കാവലിരുന്ന് വിശ്വാസികൾ, നടപടി നിർത്തിവെച്ചു
text_fieldsഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാനുള്ള ഭരണകൂടത്തിന്റെ നീക്കം തടയാൻ പള്ളിക്കുള്ളിൽ തടിച്ചുകൂടി പ്രദേശവാസികൾ. നൂറുകണക്കിന് ആളുകൾ രണ്ടു രാത്രികളിലായി പള്ളിക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ മസ്ജിദ് പൊളിക്കാനുള്ള നീക്കം അധികൃതർ താൽക്കാലികമായി നിർത്തിവെച്ചു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
2028-ലെ സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വീതികൂട്ടുന്ന പദ്ധതിയുടെ ഭാഗമായാണ് പള്ളിയുടെ ഒരു ഭാഗം പൊളിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതിനായി പള്ളിയുടെ ചില ഭാഗങ്ങൾ അടയാളപ്പെടുത്തുകയും അർധരാത്രിയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കാനുള്ള നീക്കം നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രദേശവാസികളായ മുസ്ലിംകൾ ഒന്നടങ്കം പള്ളിയിൽ പ്രവേശിച്ച് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. പള്ളി പൊളിക്കുന്നത് തടയാനാണ് തങ്ങൾ രാപ്പകൽ വ്യത്യാസമില്ലാതെ അകത്ത് തുടരുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
പ്രദേശവാസികളുമായും പള്ളി കമ്മിറ്റി അംഗങ്ങളുമായും ചർച്ച നടത്തി വിഷയം രമ്യമായി പരിഹരിക്കാനാണ് നിലവിൽ ശ്രമിക്കുന്നതെന്ന് ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ പ്രതികരിച്ചു. ഇതിന്റെ ഭാഗമായാണ് പൊളിക്കൽ നടപടികൾ നിർത്തിവെക്കാൻ ഭരണകൂടം തയ്യാറായത്.
അതേസമയം, പൊളിക്കൽ നടപടിക്കെതിരെ നിയമപോരാട്ടം ശക്തമാക്കാനാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം. മസ്ജിദ് പൊളിക്കാൻ അനുകൂലമായുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) അഭിഭാഷകൻ സെയ്ദ് പഠാൻ പറഞ്ഞു. പള്ളി കമ്മിറ്റിയും അഭിഭാഷകരും ഇതിനായുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പള്ളി കമ്മിറ്റി നൽകിയ ഹരജി തിങ്കളാഴ്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ പരിഗണനയ്ക്കും വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

