ഉമർ ഖാലിദ് വേട്ടയാടപ്പെടുന്നു; ഇന്ത്യൻ നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്നുവോ? ആശങ്ക പ്രകടിപ്പിച്ച് രാമചന്ദ്ര ഗുഹ
text_fieldsബംഗളൂരു: യുവ ചിന്തകനും വിധ‍്യാർഥി നേതാവുമായ ഉമർ ഖാലിദിന്റെ കാര്യത്തിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ പരാജയപ്പെടുകയാണോ എന്ന ആശങ്ക പ്രകടിപ്പിച്ച് പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ബംഗളൂരുവിൽ 'ഉമർ ഖാലിദ് ആൻഡ് ഹിസ് വേൾഡ്' എന്ന പുസ്തക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്ന ഭരണകൂടത്തിന് കീഴ്പ്പെടുന്ന രീതിയിലാണ് പലപ്പോഴും നീതിന്യായ വ്യവസ്ഥയുടെ പോക്കെന്നും ഭീരുത്വവും അനാവശ്യമായ കാലതാമസവും മൂലം നീതിപീഠം ഭരണകൂടത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് പരോക്ഷമായി സഹായം നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്രമായി ചിന്തിക്കുന്ന, മുസ്‌ലിം പേരുള്ള ഒരു യുവാവ് എന്ന നിലയിലാണ് ഉമർ ഖാലിദ് പ്രധാനമായും വേട്ടയാടപ്പെടുന്നത്. വിചാരണയൊന്നുമില്ലാതെ വർഷങ്ങളോളം യുവാക്കൾ തടവറയിൽ കഴിയേണ്ടി വരുന്നത് രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് വലിയ നഷ്ടമാണെന്നും ഗുഹ ചൂണ്ടിക്കാട്ടി.
തടവറയിലെ കടുത്ത ചൂടും ഏകാന്തതയും അപര്യാപ്തമായ സൗകര്യങ്ങളും ഖാലിദിന്റെ നിശ്ചയദാർഢ്യത്തെ തകർത്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കത്തുകൾ വ്യക്തമാക്കുന്നുണ്ടെന്നും വായനയിലൂടെയും ചിട്ടയായ ജീവിതത്തിലൂടെയും ജയിൽവാസത്തെ അദ്ദേഹം അതിജീവിക്കുകയാണെന്നും ഗുഹ പറഞ്ഞു. ഉമർ ഖാലിദിനെ കേവലം ഒരു തടവുകാരനായല്ല, മറിച്ച് നാം സ്വപ്നം കാണുന്ന മെച്ചപ്പെട്ട ഇന്ത്യയുടെ പ്രതീകമായാണ് കാണേണ്ടത്. ചണ്ഡി പ്രസാദ് ഭട്ട്, മഹാശ്വേതാ ദേവി തുടങ്ങിയവർ പകർന്നുനൽകിയ ജനാധിപത്യ പോരാട്ട വീര്യം തനിക്ക് ഇപ്പോൾ ലഭിക്കുന്നത് ഖാലിദിനെപ്പോലുള്ള യുവാക്കളിൽ നിന്നാണെന്നും "നാം ഈ പോരാട്ടഭൂമി ഉപേക്ഷിക്കില്ല" (ഹം മൈതാൻ നഹി ചോടേംഗേ) എന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ബി.ജെ.പി എം.പിയുടെയും വലതുപക്ഷ സംഘടനകളുടെയും കടുത്ത പ്രതിഷേധങ്ങൾക്കിടയിലും പൊലീസ് അനുമതിയോടെയാണ് പുസ്തക ചർച്ച നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

