നീതിയുടെ വാതിൽ തുറക്കാത്ത അഞ്ച് ജയിൽ വർഷങ്ങൾ
text_fieldsപൗരത്വ നിയമ ഭേദഗതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന് പിന്നാലെ, 2020 ഫെബ്രുവരി 23നാണ് വടക്കുകിഴക്കൻ ഡൽഹിയിൽ വംശീയാക്രമണം തുടങ്ങിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട 53 പേരിൽ ഭാഗീരഥി വിഹാറിൽനിന്നുള്ള മുഹമ്മദ് ആമിറും സഹോദരൻ ഹാശിം അലിയുമുണ്ടായിരുന്നു. ഫെബ്രുവരി 26ന് രാത്രി ഏഴോടെ, ആമിർ മാതാവിനെ ഫോണിൽ വിളിച്ച് അഞ്ചു മിനിറ്റിനുള്ളിൽ സഹോദരനൊപ്പം വീട്ടിലെത്താമെന്ന് പറഞ്ഞതാണ്. പക്ഷേ, രാത്രി മുഴുവൻ കാത്തിരുന്നിട്ടും അവർ വീട്ടിലെത്തിയില്ല. തൊട്ടടുത്ത ദിവസം, സമീപത്തെ അഴുക്കുചാലിൽനിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തു.
തലേദിവസം, ഇതേ അഴുക്കുചാലിൽ മൂന്നുപേരെ കലാപകാരികൾ കൊന്നുതള്ളുന്നതുകണ്ട് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ഒരാൾ പരാതിപ്പെട്ടിരുന്നു. എന്നിട്ടും അന്വേഷണം നടന്നില്ല. കൊല്ലപ്പെട്ടവരെയൊക്കെ ‘കലാപകാരികൾ’ എന്ന് മുദ്രകുത്തി. ആമിറിനും ഹാശിമിനും ആ രാത്രിയിൽ എന്തു സംഭവിച്ചുവെന്ന് അഞ്ചുമാസം കഴിഞ്ഞപ്പോൾ വെളിപ്പെട്ടു. ജൂൺ 29ന് ഡൽഹി മെട്രോപോളിറ്റൻ മജിസ്ട്രേറ്റിന് ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ, വംശീയാക്രമണത്തിൽ പങ്കെടുത്തവർ പരസ്പരം വിവരങ്ങൾ കൈമാറുന്നതിന് ഉപയോഗിച്ച ‘കട്ടർ ഹിന്ദുത് ഏക്ത’ എന്ന വാട്സ്ആപ് ഗ്രൂപ്പിനെക്കുറിച്ച് വിശദമായി ഉണ്ടായിരുന്നു.
ഫെബ്രുവരി 26ന് രാത്രി 11ന് അതിൽ വന്നൊരു സന്ദേശം ഇപ്രകാരമായിരുന്നു: ‘‘രണ്ടു മണിക്കൂർ മുമ്പ് ഭഗീരഥി വിഹാറിൽ ഞങ്ങൾ രണ്ട് മുല്ലകളെ കൊലപ്പെടുത്തി’.’’ ഇങ്ങനെ ഒമ്പതു പേരെയാണ് കൊന്ന് അഴുക്കുചാലിൽ തള്ളിയതത്രെ. ആളുകളെ പിടികൂടി പേര്, വിലാസം എന്നിവ ചോദിച്ച് മതം കണ്ടെത്തിയശേഷം ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും അതിന് വിസമ്മതിച്ചവരെ മർദിച്ച് അവശരാക്കി അഴുക്കുചാലിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
തുടക്കത്തിൽ, ‘കട്ടർ ഹിന്ദുത് ഏക്ത’ എന്നും പിന്നീട് ‘ഹിന്ദു ഏക്താ സിന്ദാബാദ്’, ‘ഹിന്ദു യൂനിറ്റി’, ‘ഹിന്ദു ഏക്താ ഗ്രൂപ്’ തുടങ്ങിയ പേരുകളിലും പ്രവർത്തിച്ച ഈ ഗ്രൂപ്പിൽ നടന്ന ആയിരത്തിലധികം സംഭാഷണശകലങ്ങളെങ്കിലും പുറത്തുവന്നു. മുസ്ലിംകളെ പ്രത്യേകമായി തിരഞ്ഞുപിടിക്കാനും അവരുടെ ഭവനങ്ങളും കച്ചവടസ്ഥാപനങ്ങളും മദ്റസകളും കത്തിച്ചുകളയാനും ആഹ്വാനംചെയ്യുന്ന ഒട്ടേറെ സന്ദേശങ്ങൾ ഇതിൽ കാണാം. തങ്ങൾക്ക് പിന്നിൽ ആരെന്നും ഈ ആക്രമണങ്ങൾക്ക് പിന്നിലുള്ള ചേതോവികാരം എന്തെന്നും ‘വാട്സ്ആപ് ചർച്ച’കളിൽനിന്ന് വ്യക്തമാകുന്നുണ്ട്.
ബി.ജെ.പി നേതാവ് കപിൽ മിശ്ര കലാപത്തിന് ആഹ്വാനം ചെയ്യുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്തശേഷം ഒരാൾ പറയുന്നത്, ‘ഈ വിഡിയോ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കൂ’ എന്നാണ്. മിശ്ര നടത്തിയ പ്രസംഗത്തിൽനിന്ന് ഊർജമുൾക്കൊണ്ടാണ് കലാപകാരികൾ ഇങ്ങനെയൊരു ‘ഗുണ്ട ഗ്രൂപ്പി’ന് രൂപംനൽകിയതെന്നും അവരുടെ സംഭാഷണങ്ങളിൽനിന്ന് വ്യക്തം. ഗ്രൂപ് മാർച്ച് എട്ടോടെ നിർജീവമായി. അതായത്, വടക്കുകിഴക്കൻ ഡൽഹിയിൽ കലാപകാരികൾ അഴിഞ്ഞാടിയ ദിനങ്ങളിൽ അവർക്ക് വഴികാട്ടിയായി വർത്തിച്ച വാട്സ്ആപ് ഗ്രൂപ്പായിരുന്നു ‘കട്ടർ ഹിന്ദുത് ഏക്ത’. അതിലെ സംഭാഷണങ്ങൾ പൂർണമായും പുറത്തുവരുകയും അത് അന്വേഷണസംഘം ശരിവെക്കുകയും ചെയ്തിട്ടും ആക്രമണത്തിന് ആഹ്വാനംചെയ്ത കപിൽ മിശ്ര ഉൾപ്പെടെയുള്ളവർ കുറ്റപത്രത്തിന് പുറത്ത്. പകരം, പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു ഉമർ ഖാലിദ്, ഷിഫാഉർറഹ്മാൻ, ഖാലിദ് സൈഫ്, ഖുൽഷിഫ് തുടങ്ങിയവർ പ്രതിപ്പട്ടികയിലും. കലാപത്തിന് ആഹ്വാനം ചെയ്യുംവിധം വാട്സ്ആപ് ഗ്രൂപ്പുകളിൽ സന്ദേശം അയച്ചു എന്നതടക്കമുള്ള ആരോപണളോടെയാണ് ഇവർക്ക് യു.എ.പി.എ ഉൾപ്പെടെ ചുമത്തിയിരിക്കുന്നത്.
ജാമ്യാപേക്ഷകളുടെ അഞ്ച് വർഷം
ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഒടുവിൽ ഹൈകോടതിയും തള്ളി. ഇനിയുള്ള ഏക പ്രതീക്ഷ സുപ്രീംകോടതിയിലാണ്. ഇതിനകം വിചാരണകോടതി മുതൽ ഒട്ടേറെ നീതിപീഠങ്ങൾക്ക് മുമ്പ് അവർ ജാമ്യ ഹരജി നൽകി. ജാമ്യമാണ് നീതിയെന്ന ഭരണഘടനയുടെ മൗലിക തത്ത്വം പോലും ഇവിടെ ലംഘിക്കപ്പെട്ടു. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയുടെ ഹ്രസ്വ ചിത്രം ഇങ്ങനെ:
2020 സെപ്റ്റംബർ 14: അറസ്റ്റ് ചെയ്യപ്പെടുന്നു
2021 ഏപ്രിൽ: ചുമത്തപ്പെട്ട ഒരു കേസിൽ ജാമ്യം. എങ്കിലും മറ്റൊരു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാൻ നിർദേശം.
2022 മാർച്ച് 24: ഡൽഹി സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു
2022 ഏപ്രിൽ 22: സെഷൻസ് കോടതി വിധിക്കെതിരെ ഹൈകോടതിയിൽ
2022 ഒക്ടോബർ 18: ഹൈകോടതി ജാമ്യാപേക്ഷ തള്ളി
2022 നവംബർ 18: സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യത്തിന് അനുമതി നേടി.
2022 ഡിസംബർ 3: ഒരു കേസിൽ വിചാരണ കോടതി കുറ്റമുക്തനാക്കി; മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ്
2022 ഡിസംബർ 12: ഒരാഴ്ചത്തെ ജാമ്യം. മാധ്യമങ്ങളുമായി സംസാരിക്കുന്നതിൽ വിലക്ക്
2022 ഡിസംബർ 23: 830 ദിവസത്തിനുശേഷം പുറത്ത്.
2023 ജൂലൈ 12: വാദങ്ങൾ സമർപ്പിക്കാൻ കോടതിയിൽ ഡൽഹി പൊലീസ് കൂടുതൽ സമയംതേടി.
2023 ആഗസ്റ്റ് 18: കേസ് വാദം കേൾക്കുന്നത് നീട്ടി. (തുടർന്ന് 2024 ജനുവരിവരെ പലകുറി കേസ് നീട്ടി)
2024 ഫെബ്രുവരി 14: സുപ്രീംകോടതിയിൽനിന്ന് ജാമ്യ ഹരജി പിൻവലിച്ചു.
2024 മേയ് 28: ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചു.
2024 ഡിസംബർ 18: ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അഞ്ച് ദിവസത്തേക്ക് ജാമ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.