അഖിലേഷിന്റെ 'മേലാ ഹോബെ' തടയാനാകാതെ അമിത് ഷാ
text_fieldsന്യൂഡൽഹി: യു.പിയിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനാകാതെ പ്രതിസന്ധിയിലായ ബി.ജെ.പി അവശേഷിക്കുന്ന പിന്നാക്ക നേതാക്കളെ പിടിച്ചുനിർത്താനുള്ള തീവ്രശ്രമത്തിൽ. പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയെ മറികടന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ടിറങ്ങിയിരുക്കുകയാണ്.
പാർട്ടിയെ കേന്ദ്ര ഭരണത്തിലെത്തിച്ച യു.പിയിലെ സീറ്റ് നിർണയ ചർച്ച വ്യാഴാഴ്ച നയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന അപ്നാദളിന്റെ അനുപ്രിയ പട്ടേലിനെയും നിഷാദ് പാർട്ടിയുടെ സഞ്ജയ് നിഷാദുമായും അമിത് ഷാ ബുധനാഴ്ച രാത്രി നടത്തിയ കൂടിക്കാഴ്ച വ്യാഴാഴ്ച പുലർച്ചെയാണ് തീർന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തുടർന്ന് 2019ലെ പൊതുതെരഞ്ഞെടുപ്പിലും പാർട്ടിയെ അധികാരത്തിലേറ്റുന്നതിൽ നിർണായക പങ്കുവഹിച്ച യു.പിയിലെ 35 ശതമാനം പിന്നാക്ക വോട്ടുകളിലെ വലിയൊരു വിഭാഗം പാർട്ടിയെ കൈവിടുമെന്ന ആധി ബി.ജെ.പിയിൽ പ്രകടമാണ്.
അപ്നാദളിന്റെ ഒരു വിഭാഗം മാത്രമാണ് ബി.ജെ.പിയോടൊപ്പം അവശേഷിക്കുന്നത്. മറുഭാഗത്ത് ബി.ജെ.പിയിൽനിന്നുള്ള കൂട്ട പലായനം 'മേലാ ഹോബെ' ഹാഷ്ടാഗിട്ട് ആഘോഷിക്കുകയാണ് അഖിലേഷ്. പശ്ചിമ ബംഗാളിൽ അമിത് ഷായെയും മോദിയെയും മമത നേരിട്ടപ്പോൾ വൈറലായ തൃണമൂലിന്റെ 'റാപ് ഗാനമായിരുന്നു 'ഖേലാ ഹോബെ' (കളി തുടങ്ങി). സൂപ്പർ ഹിറ്റായ 'ഖേലാ ഹോബെ' പിന്നീട് ബംഗാൾ തെരഞ്ഞെടുപ്പ് ഹാഷ്ടാഗായി മാറി. അത് 'മേലാ ഹോബെ' (ആഘോഷം തുടങ്ങി) എന്നാക്കി മാറ്റി ഹാഷ് ടാഗുണ്ടാക്കിയാണ് കൂടൊഴിഞ്ഞു വരുന്ന ബി.ജെ.പി നേതാക്കളുടെ ചിത്രം അഖിലേഷ് പങ്കുവെക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.