മുസ്ലിം കടയുടമകളുടെ പേര് പ്രദർശിപ്പിക്കൽ: സുപ്രീം കോടതി വിലക്ക് മറികടക്കാൻ ക്യു.ആർ കോഡുമായി യു.പി സർക്കാർ
text_fieldsലഖ്നോ: കൻവാർ തീർഥാടന പാതയിലുള്ള കടകളുടെയും ധാബകളുടെയും ഉടമകളുടെ പേരുകളും അതുവഴി അവരുടെ മതവും വെളിപ്പെടുത്താൻ നിർബന്ധിക്കുന്നത് തടഞ്ഞ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ യു.പി സർക്കാറിന്റെ പുതിയ നീക്കം. റൂട്ടുകളിലെ ധാബകളുടെയും കടകളുടെയും മുന്നിൽ രജിസ്റ്റർ ചെയ്ത പേരും ക്യു.ആർ കോഡും സ്ഥാപിക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. ഭക്ഷണത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ അഭിപ്രായമറിയിക്കാനും പരാതികൾ നൽകാനും ലക്ഷ്യമിട്ടാണ് ക്യു.ആർ കോഡുകളെന്നാണ് വിശദീകരണം.
എന്നാൽ, ഇവ ഉടമയുടെ പേരും മതവും വെളിപ്പെടുത്തുന്നു. കടയുടമകളെയും ധാബ ഉടമകളെയും കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് വകുപ്പിന്റെ ഡിജിറ്റൽ ആപ്ലിക്കേഷൻ വഴി ക്യു.ആർ കോഡ് സ്കാൻ ചെയ്യാനും ഉടമകളെ അറിയാനും കഴിയുമെന്ന് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ആളുകളുടെ പേരും മതവും വെളിപ്പെടുത്തണമെന്ന യു.പി സർക്കാർ ഉത്തരവ് കഴിഞ്ഞ വർഷം സുപ്രീംകോടതി വിലക്കിയിരുന്നു. ഇത് മറികടക്കുന്നതാണ് പുതിയ നീക്കം. ഇതിന് പുറമെ വകുപ്പിന്റെ മൊബൈൽ വാനുകൾ ഹൈവേകളിൽ വിന്യസിക്കപ്പെടുമെന്നും ഏതെങ്കിലും പരാതി ലഭിച്ചാലുടൻ പ്രസ്തുത ഭക്ഷണശാലയിൽ എത്തിച്ചേരുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
എല്ലാ വർഷവും ഒരുമാസം നീണ്ടുനിൽക്കുന്ന കൻവാർ യാത്ര, തീർഥാടകർ വളരെ ദൂരം നടന്ന് ഗംഗാ ജലം ശേഖരിച്ച് ശിവക്ഷേത്രത്തിൽ സമർപ്പിക്കുന്ന ചടങ്ങാണ്. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും വലിയ ഭാഗങ്ങൾ കടന്നാണ് ഈ പാതകൾ പോകുന്നത്. കഴിഞ്ഞവർഷം, ഈ രണ്ട് സംസ്ഥാനങ്ങളിലെയും സർക്കാറുകൾ വഴികളിലുള്ള എല്ലാ കടകളുടെയും ധാബകളുടെയും ഉടമകൾക്ക് കടകളുടെ പേരും മറ്റ് വിശദാംശങ്ങളും സ്ഥാപിക്കാൻ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, തീർഥാടകർക്ക് അവരെ ഒഴിവാക്കാനോ ഉപദ്രവിക്കാനോ കഴിയുന്നതരത്തിൽ മുസ്ലിം വ്യാപാരികളെ തിരിച്ചറിയുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. കൻവാർ യാത്ര പാതയിലെ ഭക്ഷണശാലകളുടെ മതപരമായ പ്രൊഫൈലിങ്ങിൽ ഏർപ്പെട്ടിരിക്കുന്ന ചില ഹിന്ദു സംഘടനകളുടെ നടപടികളെ മുൻ പാർലമെന്റ് അംഗവും മുതിർന്ന സമാജ്വാദി പാർട്ടി നേതാവുമായ എസ്.ടി.ഹസൻ ശക്തമായി അപലപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.