ദാദ്രി ആൾക്കൂട്ടക്കൊല: പ്രതികളെ കുറ്റമുക്തരാക്കാൻ യു.പി സർക്കാർ, കോടതിയിൽ അപേക്ഷ നൽകി
text_fieldsമുഹമ്മദ് അഖ്‍ലാഖ്
ന്യൂഡൽഹി: രാജ്യത്തെ നടുക്കി പശുവിന്റെ പേരിൽ നടത്തിയ ആൾക്കൂട്ടക്കൊലയിലെ പ്രതികൾക്കെതിരെ ചുമത്തിയ കൊലപാതകം അടക്കം എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യോഗി സർക്കാർ കോടതിയിൽ അപേക്ഷ നൽകി. ആട്ടിറച്ചി ഗോമാംസമാണെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‍ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങളും പ്രോസിക്യൂഷൻ നടപടികളും പിൻവലിക്കാൻ ഗൗതം ബുദ്ധ നഗറിലെ അപ്പർ സെഷൻസ് കോടതിയിലാണ് സർക്കാർ അപേക്ഷ സമർപ്പിച്ചത്.
2015ൽ ആണ് ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്ന ആട്ടിറച്ചി ഗോമാംസമാണെന്ന് വ്യാജപ്രചാരണം നടത്തി ആൾക്കൂട്ട ആക്രമണത്തിൽ അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്. 10 പേർക്കെതിരെയാണ് കേസ് നിലവിലുള്ളത്. പ്രാദേശിക ബി.ജെ.പി നേതാവായ സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയും പ്രതിയാണ്. സംസ്ഥാന സർക്കാർ കഴിഞ്ഞ ആഗസ്റ്റ്, 26ന് രേഖാമൂലം നൽകിയ നിർദേശമനുസരിച്ച് ഗൗതം ബുദ്ധ നഗർ ജില്ല അസിസ്റ്റന്‍റ് കൗൺസെൽ ഭാഗ് സിങ് ഒക്‌ടോബർ 15 നാണ് കേസ് പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്.
പ്രതികൾക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കാൻ സംസ്ഥാന ഗവർണർ രേഖാമൂലം അംഗീകാരം നൽകിയിട്ടുണ്ടെന്നും, അഖ്‌ലാഖിന്‍റെ വീട്ടിൽനിന്ന് കണ്ടെടുത്തത് പശുവിറച്ചിയാണെന്ന് ലബോറട്ടറി പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നാണ് സർക്കാർ നിലപാടെന്നും അപേക്ഷയിൽ വിശദമാക്കുന്നു. കേസ് പിൻവലിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാമെന്ന് പ്രോസിക്യൂഷൻ വിഭാഗം ജോയന്‍റ് ഡയറക്‌ടർ ബ്രജേഷ് മിശ്ര നിർദേശിക്കുന്ന കത്തും അപേക്ഷയോടൊപ്പം ചേർത്തിട്ടുണ്ട്.
ഗൗതം ബുദ്ധ നഗറിലെ ദാദ്രിയിലുള്ള ബിസാദ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽനിന്നാണ് അഖ്‌ലാഖിന്‍റെ വീട്ടിൽ പശുമാംസം സൂക്ഷിച്ചിട്ടുണ്ടെന്ന് ഉച്ചഭാഷിണിയിലൂടെ അനൗൺസ് ചെയ്തത്. 2015 സെപ്റ്റംബർ 28ന് ആയിരുന്നു അത്. അനൗൺസ്‍മെന്‍റ് കേട്ട് ഓടിക്കൂടിയ ആൾക്കൂട്ടം അഖ്‌ലാഖിനെയും മകനെയും ക്രൂരമായി മർദിച്ചു. അഖ്‌ലാഖ് കൊല്ലപ്പെടുകയും മകന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
അഖ്‌ലാഖിന്‍റെ ഘാതകരുടെ കേസ് പിൻവലിക്കാനുള്ള യു.പി സർക്കാറിന്‍റെ നീക്കത്തെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

