‘മിനി പാകിസ്താൻ’ പരാമർശത്തെച്ചൊല്ലി രാജ്യസഭയിൽ ബഹളം
text_fieldsന്യൂഡൽഹി: ചോദ്യോത്തര വേളയിൽ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് പ്രദേശവുമായി ബന്ധപ്പെട്ട് ‘മിനി പാകിസ്താൻ’ എന്ന് വിശേഷിപ്പിച്ചതിനെത്തുടർന്ന് രാജ്യസഭയിൽ ബഹളം. പശ്ചിമ ബംഗാളിലെ ശ്യാമപ്രസാദ് മുഖർജി തുറമുഖവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ഉന്നയിക്കുന്നതിനിടെ ബി.ജെ.പി എം.പിയും ബംഗാൾ ബി.ജെ.പി അധ്യക്ഷനുമായ സാമിക് ഭട്ടാചാര്യയാണ് മിനി പാകിസ്താൻ പരാമർശം നടത്തിയത്.
തൊട്ടുപിന്നാലെ ഉപചോദ്യം ഉന്നയിക്കാൻ അവസരം ലഭിച്ച എൻ.സി.പിയുടെ ഫൗസിയ ഖാൻ മിനി പാകിസ്താൻ പരാമർശം എതിർത്ത് രംഗത്തുവന്നു. ഇന്ത്യൻ പൗരന്മാരെ നിങ്ങൾക്ക് പാകിസ്താൻ പൗരന്മാരെന്ന് വിളിക്കാൻ കഴിയില്ലെന്നാണ് എം.പി ചൂണ്ടിക്കാട്ടിയത്. ഉപചോദ്യം ഉന്നയിക്കാൻ അവസരം ലഭിച്ച സി.പി.എമ്മിന്റെ ജോൺ ബ്രിട്ടാസും മിനി പാകിസ്താൻ പരാമർശത്തിനെതിരെ രംഗത്തുവന്നു. ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയാൽ നാളെ ഇസ്ലാമാബാദ് ആ ഭൂമിക്ക് അവകാശവാദം ഉന്നയിക്കും. ദയവായി ഇങ്ങനെ ഗുരുതരമായ പിഴവുകൾ ആവർത്തിക്കരുതെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.
കൊൽക്കത്ത മേയർ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾതന്നെ ‘മിനി പാകിസ്താൻ’ എന്ന പദം ഉപയോഗിച്ചിരുന്നുവെന്ന് തുറമുഖ വകുപ്പ് സഹമന്ത്രി ശന്തനു താക്കൂർ സഭയിൽ ആവർത്തിച്ചതോടെ ടി.എം.സി അംഗങ്ങളായ സാകേത് ഗോഖലെ, സാഗരിക ഘോഷ് തുടങ്ങിയവർ നടുത്തളത്തിനടുത്തേക്ക് വന്ന് പ്രതിഷേധിച്ചു.
കേന്ദ്രബജറ്റിലെ കേരള അവഗണന ചർച്ചയിൽ ഉന്നയിച്ച് എം.പിമാർ
ന്യൂഡൽഹി: കേന്ദ്ര ബജറ്റിന്മേൽ രാജ്യസഭയിൽ നടക്കുന്ന ചർച്ചയിൽ കേരളത്തോടുള്ള അവഗണന ചൂണ്ടിക്കാട്ടി എം.പിമാർ. എയിംസ്, അതിവേഗ റെയിൽവേ, നിലമ്പൂർ-നഞ്ചൻകോട് പാത, വിഴിഞ്ഞം രണ്ടാംഘട്ട വികസനം, റബർ വികസനത്തിന് പ്രത്യേക പദ്ധതി, വന്യജീവി ആക്രമണത്തിനിരയാകുന്ന മനുഷ്യർക്കും കാർഷിക വിളകൾക്കും സഹായം തുടങ്ങി നിരവധി കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചുവെന്ന് എം.പിമാർ പറഞ്ഞു.
നൂറുകണക്കിന് ആളുകൾ മരണപ്പെട്ട വയനാട് ജില്ലയിലെ ദുരിതബാധിതരെ സഹായിക്കണമെന്ന് പ്രിയങ്ക ഗാന്ധി അടക്കമുള്ള എം.പിമാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു സഹായവും നൽകിയില്ലെന്നും ഈ വിവേചനം അപ്രതീക്ഷിതമല്ല, മനഃപൂർവമാണെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടി.
കേരളത്തിനും രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങൾക്കും കാര്യമായ ഒരു പരിഗണനയും ബജറ്റിൽ ലഭിച്ചിട്ടില്ലെന്ന് പി.വി. അബ്ദുൽ വഹാബും കുറ്റപ്പെടുത്തി. കേരളത്തിൽ ബി.ജെ.പി രാഷ്ട്രീയ വളർച്ച കൈവരിച്ചെന്ന അവകാശവാദങ്ങൾ ഉണ്ടെങ്കിലും സംസ്ഥാനത്തിനായി ഒരു പ്രത്യേക പദ്ധതികളും സാമ്പത്തിക സഹായങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. മൗലാന ആസാദ് സ്കോളർഷിപ് പൂർണമായും റദ്ദാക്കിയതും ന്യൂനപക്ഷ ക്ഷേമപദ്ധതികൾക്കുള്ള വിനിയോഗത്തിൽ കുറവുണ്ടായതും ആശങ്കജനകമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്രഖ്യാപിത സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ കേരളം വളർന്നതുപോലെ കേന്ദ്ര സർക്കാറിന്റെയും ബി.ജെ.പിയുടെയും സഹായമില്ലാതെ ഇനിയും വളരുമെന്ന് എ.എ. റഹീം എം.പി പറഞ്ഞു. എയിംസ് അനുവദിക്കുമെന്ന് സുരേഷ് ഗോപി എല്ലായിടത്തും പോയി പ്രസംഗിച്ചത് പൊള്ളയായ വാഗ്ദാനമായിരുന്നുവെന്നും എം.പി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

