അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് വിദ്യാർഥികളുടെ ഫോൺ കാൾ; ഡൽഹിയിൽ രക്ഷാപ്രവർത്തനം ഊർജിതം
text_fieldsഡൽഹി സത്യനികേതനിൽ നടന്ന ദുരന്തത്തിന്റെ ആഘാതത്തിലാണ് എല്ലാവരും. സാധ്യമായവയെല്ലാം ഉപയോഗിച്ച് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുക്കാരും തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. എങ്കിലും അപകടസ്ഥലത്തുനിന്നുള്ള കാഴ്ചകൾ ഹൃദയഭേദകമാണ്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വിദ്യാർഥികളുടെ ശബ്ദങ്ങളും നിലവിളികളും കേട്ടിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കോൺക്രീറ്റ് പാളികൾക്കും ഗർഡറുകൾക്കും അടിയിൽനിന്ന് കുടുങ്ങിക്കിടക്കുന്ന ചില വിദ്യാർഥികളിൽനിന്ന് ഫോൺ കാളുകൾ ലഭിച്ചിരുന്നെന്നും രക്ഷിക്കണമെന്ന് നിലവിളിച്ചതായും പൊലീസ് പറയുന്നു. തുടർന്ന്, കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ അവശിഷ്ടങ്ങൾ മാറ്റുന്ന പ്രവൃത്തികൾ വേഗത്തിലാക്കിയിരിക്കുകയാണ്. അവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ജീവനുവേണ്ടി പിടയുന്ന കുട്ടികളുടെ ഫോൺ കോളുകൾ പുറത്തുവരുമ്പോൾ, നെഞ്ചുതകർന്നു പോവുകയാണ് ബന്ധുക്കളും നാട്ടുകാരും.
"അഞ്ച് പേരാണോ, പത്താണോ, അതോ ഇരുപതുപേരാണോ ഉള്ളതെന്ന് കൃത്യമായി പറയാനാവില്ല, പക്ഷേ കുട്ടികൾ അകത്തുണ്ട്..." വിതുമ്പലോടെസൗത്ത്-വെസ്റ്റ് ഡൽഹി എം.എൽ.എ അനിൽ ശർമ പറഞ്ഞു.
മണ്ണുമാന്തി യന്ത്രങ്ങളും 12 ഫയർ എൻജിനുകളും ദേശീയ ദുരന്തനിവാരണ സേനയും പോലീസും ആരോഗ്യപ്രവർത്തകരും ഒത്തുചേർന്ന് രാത്രിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. കുട്ടികളെ ജീവനോടെ തിരിച്ചുകിട്ടാൻ ദൈവത്തോട് പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഡൽഹിയും മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ കുടുംബങ്ങളും. മുഖ്യമന്ത്രി രേഖ ഗുപ്തയും ആഭ്യന്തര മന്ത്രി ആശിഷ് സൂദും സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കാനെത്തി. ഇതിനകം മൂന്ന് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേരെ രക്ഷിക്കുകയും രണ്ട് പേർക്ക് പരിക്ക് അതിഗുരുതരമാണെന്നുമാണ് വിവരം.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ മുഴുവൻ നടുക്കിയ ദുരന്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നടന്നു കൊണ്ടിരുന്ന നിർമാണ ജോലികളാണ് ഈ വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കനത്ത മഴയാണ് കെട്ടിടം നിലംപൊത്താനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

