വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ല; ചൂരൽമല ഉരുൾപൊട്ടലിനുള്ള 184 കോടി കേന്ദ്രം കേരളത്തിന് നൽകിയില്ല
text_fieldsന്യൂഡൽഹി: വയനാട്ടിൽ മേപ്പാടി ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾക്കും റിക്കവറിക്കുമായി കേന്ദ്ര സർക്കാർ അനുവദിച്ച ആദ്യഗഡുവിന്റെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ ഇനിയും നൽകിയിട്ടില്ലെന്നും അതിനാൽ കേന്ദ്രം അനുവദിച്ച 260.56 കോടി രൂപയിൽ സംസ്ഥാനത്തിന് ആദ്യഗഢുവായി കൈമാറിയ 76.16 കോടി രൂപയുടെ അവശേഷിക്കുന്ന ഗഡുക്കൾ ഇനിയും നൽകിയിട്ടില്ലെന്നും കെ.സി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര വകുപ്പ് സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയെ അറിയിച്ചു.
ദുരന്തത്തിന് ശേഷമുള്ള പ്രവർത്തനങ്ങൾക്കായി എൻ.ഡി.ആർ.എഫിന്‍റെ റിക്കവറി, പുനർനിർമാണ ഫണ്ടിങ്ങിൽനിന്ന് സംസ്ഥാന സർക്കാർ 2221 കോടി രൂപയുടെ കേന്ദ്ര സഹായമാണ് അഭ്യർഥിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ അംഗീകരിച്ച സാമ്പത്തിക സഹായം 260.56 കോടി രൂപയാണ്. എൻ.ഡി.ആർ.എഫ് ഫണ്ട് മൂന്ന് ഗഢുക്കളായാണ് നൽകുകയെന്നും ആദ്യം അനുവദിച്ച തുകയുടെ 75 ശതമാനം വിനിയോഗിച്ചതിന് ശേഷമാണ് അടുത്ത ഗഡു വിട്ടുകൊടുക്കുകയെന്നും മന്ത്രി വിശദമാക്കി.
ആദ്യ ഗഡു 76.16 കോടി രൂപ 2025 നവംബർ 17ന് നൽകി. ശേഷിക്കുന്ന ഗഡുക്കൾ വിട്ടുകൊടുക്കാൻ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. കേരള സർക്കാർ ഇതുവരെ അത് സമർപ്പിച്ചിട്ടില്ല. പുനർനിർമാണത്തിനുള്ള സഹായത്തിന് പുറമെ മൂലധന നിക്ഷേപത്തിനായുള്ള പ്രത്യേക സഹായമായി 529.50 കോടി രൂപയും റിലീഫ് ആന്‍റ് റെസ്‍പോൺസ് ഫണ്ടിങ്ങിൽനിന്ന് 153.47 കോടി രൂപയും, ഉരുൾപൊട്ടൽ സാധ്യത ലഘൂകരിക്കാനുള്ള ദേശീയ പദ്ധതിക്ക് കീഴിൽ 72 കോടി രൂപയും സംസ്ഥാനത്തിന് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

