ദുരന്തം നടന്നത് നിരവധി ഹോംസ്റ്റേകളും ഹോട്ടലുകളുമുള്ള പ്രദേശത്ത്; 25 ഓളം ഹോട്ടലുകൾ ഒലിച്ചുപോയി
text_fieldsഉത്തരകാശിയിലെ ധരാലിയിൽ മേഘവിസ്ഫോടനത്തിന്റെ ഫലമായുണ്ടായ മിന്നൽ പ്രളയത്തിന്റെ വിഡിയോ ദൃശ്യത്തിൽനിന്ന്
ഉത്തരകാശി (ഉത്തരാഖണ്ഡ്): ഉത്തരകാശിയെ നടുക്കിയ മേഘവിസ്ഫോടനത്തിൽ ആഘാതം കൂടുതലുണ്ടായത് ധാരാലിയിൽ. നിരവധി ഹോട്ടലുകളും റെസ്റ്റാറന്റുകളും ഹോംസ്റ്റേകളുമുള്ള പ്രദേശമായ ഇവിടെ 25 ഓളം ഹോട്ടലുകൾ ഒലിച്ചുപോയി. ഗംഗോത്രിയിലേക്കുള്ള വഴിയിലാണ് ധാരാലി പർവത ഗ്രാമങ്ങൾ. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളും ഒലിച്ചുപോയി. ചുരുങ്ങിയത് നാലുപേർ മരിച്ചു. 130 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയർന്നേക്കും.
ഖീർ ഗംഗ നദിയുടെ വൃഷ്ടി പ്രദേശങ്ങളിലെവിടെയോ ആണ് മേഘവിസ്ഫോടനമുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. സൈനികർ ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനത്തിനായി ഇവിടേക്ക് തിരിച്ചിട്ടുണ്ട്. ചുരുങ്ങിയത് 12 പേരെങ്കിലും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് സ്ഥലവാസിയായ രാജേഷ് പൻവാർ വാർത്ത ഏജൻസിയോട് പറഞ്ഞത്. ധരാലിക്ക് പിന്നാലെ സുഖി ടോപ് മേഖലയിലും ചൊവ്വാഴ്ച മേഘവിസ്ഫോടനമുണ്ടായി. ഇതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മേഖലക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമിയുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തിന് ഏഴ് സംഘങ്ങളെ നിയോഗിച്ചതായി അറിയിച്ചു. മാത്‍ലിയിലുണ്ടായിരുന്ന ഇന്തോ തിബത്തൻ ബോർഡർ പൊലീസ് ബറ്റാലിയനിലെ 16 അംഗ സംഘം ഇതിനകം അപകടമേഖലയിൽ എത്തിയിട്ടുണ്ട്. കൂടുതൽ പേർ പുറപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് പത്തുവരെ ഉത്തരാഖണ്ഡിലുടനീളം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനമുണ്ട്. പർവത മേഖലകളിൽ അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. ധർചുല-ഗുഞ്ചി റൂട്ടിലെ ഗസ്കു, മാൽഘട്ട് മേഖലയിലുള്ള റോഡുകൾ മേഘസ്ഫോടനത്തെ തുടർന്ന് അടച്ചു. പാറവീണ് ഗതാഗതം മുടങ്ങിയ സ്ഥലങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ എൻ.ഡി.ആർ.എഫ് സംഘം രക്ഷപ്പെടുത്തുന്നുണ്ട്. സൽധാറിൽ ജ്യോതിർമഠ്-മലാരി മോട്ടോർ റോഡ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതായി ചമോലി പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.