‘തല’ക്ക് ദളപതിയുടെ സ്നേഹസമ്മാനം; അജിത്തിന് മിനിയേച്ചർ റേസ് കാർ സമ്മാനിച്ച് വിജയ്
text_fieldsലണ്ടൻ: സിനിമയിലെ ദീർഘകാലത്തെ സൗഹൃദവും പരസ്പര ബഹുമാനവും വിളിച്ചോതുന്ന മനോഹരമായ കാഴ്ചക്കാണ് യു.കെയിലെ സിൽവർസ്റ്റോൺ റേസിങ് സർക്യൂട്ട് സാക്ഷ്യം വഹിച്ചത്. മിഷെൽ ലേ മാൻഡ്സ് കപ്പ് റേസിൽ അജിത് കുമാറിന് പിന്തുണയറിയിക്കാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് മത്സരത്തിന് ശേഷം അജിത്തിന് സ്നേഹസമ്മാനമായി ഒരു മിനിയേച്ചർ റേസ് കാർ സമ്മാനിച്ചു. ‘എന്റെ പ്രിയപ്പെട്ട സഹോദരൻ അജിത്തിന്’ എന്ന കുറിപ്പോടെയാണ് വിജയ് സമ്മാനം നൽകിയത്. ഇതിന് മറുപടിയായി അജിത്ത് വിജയ്ക്ക് ഒരു ഹെൽമെറ്റും സമ്മാനിച്ചു.
വർഷങ്ങളായി തമിഴ് സിനിമയിലെ രണ്ട് വമ്പൻ താരങ്ങളായ വിജയ്യും അജിത്തും തമ്മിൽ കടുത്ത മത്സരമുണ്ടെന്ന പ്രചാരണങ്ങൾ നിലവിലുണ്ടായിരുന്നു. ആരാധകർ തമ്മിലുള്ള വാഗ്വാദങ്ങളും പതിവായിരുന്നു. എന്നാൽ, ഈ വിവാദങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഇരുവരും വേദിയിൽ പങ്കുവെച്ച ആലിംഗനവും ഊഷ്മളമായ സ്നേഹപ്രകടനവും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറി. റേസിന് മുൻപ് പുഞ്ചിരിയോടെ അജിത്തിന് അടുത്തേക്ക് ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്ന വിജയ്യുടെ വിഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
റേസ് ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം ബാൽക്കണിയിലിരുന്നാണ് വിജയ് മത്സരം വീക്ഷിച്ചത്. അദ്ദേഹത്തോടൊപ്പം നടി തൃഷ കൃഷ്ണനും ടി.വി.കെ നേതാവ് ആദവ് അർജുനയും സന്നിഹിതരായിരുന്നു. യു.കെയിൽ നടന്ന ലേ മാൻഡ്സ് കപ്പ് മത്സരത്തിൽ അജിത്തിന്റെ ടീം 38-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സമൂഹമാധ്യമങ്ങളിൽ 'തല' (അജിത്), 'ദളപതി' (വിജയ്) എന്നീ ഹാഷ്ടാഗുകളിൽ ഏറ്റുമുട്ടിയിരുന്ന ആരാധകർക്ക് ആവേശകരമായ കാഴ്ചയാണ് ഇരുവരുടെയും ഒത്തുചേരൽ. സിനിമാ രംഗത്തെ തങ്ങളുടെ സീനിയർ താരങ്ങളായ രജനീകാന്തും കമൽഹാസനും പരസ്പരം പുകഴ്ത്തുകയും വേദികൾ പങ്കിടുകയും ചെയ്യുന്നത് പോലെയല്ല വിജയ്യും അജിത്തും. ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്തുന്നത് അപൂർവമാണെങ്കിലും മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. അജിത്തിന്റെ അമ്മ മരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രിയായ വിജയ് നേരിട്ട് അദ്ദേഹത്തിന്റെ വസതിയിലെത്തിയത് ഇതിന്റെ തെളിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

