പുതു ചരിത്രം കുറിച്ച് തമിഴകം; 28 ദലിത് എം.എൽ.എമാരുമായി വിജയ് യുടെ ടി.വി.കെ
text_fieldsവിജയ്
ചെന്നൈ: ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK). ദലിത് വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണ മണ്ഡലങ്ങളിൽ മാത്രം സീറ്റ് നൽകുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അലിഖിത നിയമത്തെ തകർത്തെറിഞ്ഞ വിജയ്, ജനറൽ സീറ്റുകളിൽ ദലിത് സ്ഥാനാർഥികളെ മത്സരിപ്പിക്കുകയും വലിയ വിജയം നേടുകയും ചെയ്തു. പുതിയ നിയമസഭയിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള 28 എം.എൽ.എമാരാണ് ടി.വി.കെയിൽ തെരഞ്ഞെടുക്കപ്പെട്ടത്.
‘ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും ദലിതുകളെ ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കാറില്ല. അവർക്ക് സംവരണ മണ്ഡലങ്ങളിൽ മാത്രമേ സീറ്റുകൾ നൽകാറുള്ളൂ. എന്നാൽ ടി.വി.കെ പാർട്ടി ജനറൽ സീറ്റുകളിൽ ദലിതുകൾക്ക് സീറ്റുകൾ നൽകുകയും ദലിത് സമൂഹത്തിൽ നിന്ന് 28 എം.എൽ.എമാർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജയ് ഭീം’ ദി ദലിത് വോയിസ് എക്സിൽ കുറിച്ചതാണിത്.
ടി.വി.കെ അധ്യക്ഷൻ സി. ജോസഫ് വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റം സാധ്യമായത് അതീവ ജാഗ്രതയോടെയുള്ള പ്രചാരണ പ്രവർത്തനങ്ങളിലൂടെയും കരുത്തുറ്റ ഒരു കോർ ടീമിന്റെ പിന്തുണയോടെയുമാണ്. ഭരണകക്ഷിയായ ഡി.എം.കെക്കെതിരെയുള്ള കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളും ന്യൂനപക്ഷങ്ങൾ, ദലിതുകൾ, വനിതാ വോട്ടർമാർ എന്നിവർക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞതും ഈ വിജയത്തിന് പിന്നിലുണ്ട്.
എൻ. ആനന്ദ്, ആദവ് അർജുന, കെ.എ. സെൻകോട്ടയൻ, അരുൺ രാജ്, സി.ടി.ആർ നിർമൽ കുമാർ, രാഷ്ട്രീയ തന്ത്രജ്ഞൻ ജോൺ ആരോഗ്യസാമി എന്നിവരടങ്ങുന്ന വിജയിയുടെ അടുത്ത വൃത്തങ്ങളാണ് പ്രചാരണത്തിന്റെ നിയമപരവും സംഘടനാപരവും ഡിജിറ്റലുമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത്. കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടം, പ്രചാരണ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സ്ഥാനാർഥി നിർണ്ണയം തുടങ്ങിയ വെല്ലുവിളികളിലൂടെ പാർട്ടിയെ നയിക്കുന്നതിൽ ഈ സംഘം നിർണ്ണായക പങ്ക് വഹിച്ചു.
വിജയ് തന്റെ രാഷ്ട്രീയ നിലപാടുകളിൽ സ്ഥിരത പുലർത്തി. ഡി.എം.കെയെ തന്റെ 'രാഷ്ട്രീയ ശത്രു' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ തെരഞ്ഞെടുപ്പിനെ എം.കെ. സ്റ്റാലിനും താനും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിട്ടാണ് ചിത്രീകരിച്ചത്. ഉദയനിധി സ്റ്റാലിനെയോ എടപ്പാടി പളനിസ്വാമിയെയോ വ്യക്തിപരമായി ആക്രമിക്കാതെ ഭരണവിരുദ്ധ വോട്ടുകൾ ഒരുമിപ്പിക്കാൻ വിജയിക്ക് സാധിച്ചു.
പരമ്പരാഗത ആരാധകവൃന്ദത്തിന് അപ്പുറത്തേക്ക് ദലിത്, ന്യൂനപക്ഷ, മത്സ്യത്തൊഴിലാളി വോട്ടർമാരെ ആകർഷിക്കാൻ ടി.വി.കെക്ക് കഴിഞ്ഞതും വിജയത്തിന് മാറ്റുകൂട്ടി. ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും സന്ദർശിച്ചുകൊണ്ട് താൻ എല്ലാവരുടെയും നേതാവാണെന്ന സന്ദേശം നൽകാൻ വിജയിക്ക് സാധിച്ചു. ജയലളിതയുടെ മരണശേഷം ഡി.എം.കെക്കൊപ്പം നിന്ന വലിയൊരു വിഭാഗം സ്ത്രീ വോട്ടർമാരെയും ടി.വി.കെ സ്വന്തം പാളയത്തിലെത്തിച്ചു. തമിഴ്നാട് ഒരു തൂക്കുസഭയിലേക്ക് നീങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ ടി.വി.കെ തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റാൻ തയാറെടുക്കുന്നതായും വിവരങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

