`ബർഗർ ബ്രോ ഈസ് ബാക്ക്', അവരെല്ലാം അകത്ത്! ഞാന്‍ പുറത്ത്; അഭിജീത് ദീപ്കെയെയും ധ്രുവ് റാഠിയെയും പരിഹസിച്ച് മുന്‍ സി.ജെ.പി വക്താവ്
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന സി.ജെ.പി പ്രതിഷേധത്തിനിടെ അഭിജീത് ദീപ്കെയെയും യൂട്യൂബർ ധ്രുവ് റാഠിയെയും പരിഹസിച്ച് മുൻ പാർട്ടി വക്താവ് വിജേത ദാഹിയ. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് `ബർഗർ ബ്രോ ഈസ് ബാക്ക്' എന്ന കുറിപ്പോടെ ദാഹിയ വിഡിയോ പങ്കുവെച്ചത്.
‘അഭിജീത് ദീപ്കെ? കസ്റ്റഡിയിൽ, ധ്രുവ് റാഠി? കസ്റ്റഡിയിൽ, വിജേത ദാഹിയ? പുറത്ത്’ എന്ന് കസ്റ്റഡിയിലായവരുടെ പേരുകൾ ഒന്നൊന്നായി പറയുകയും താൻ പുറത്താണെന്ന് പരിഹസിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിട്ടുണ്ട്. ഇതിനു പിന്നാലെ അദ്ദേഹം പൊട്ടിച്ചിരിക്കുന്നതും വിഡിയോയിലുണ്ട്.
സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രമുഖർ കസ്റ്റഡിയിലായപ്പോൾ താൻ സ്വതന്ത്രനായി പുറത്തുണ്ടെന്ന കാര്യം എടുത്തുപറഞ്ഞാണ് ദാഹിയ മുൻ സഹപ്രവർത്തകരെ പരിഹസിച്ചത്. നേരത്തേ മറ്റൊരു പ്രതിഷേധത്തിനിടെയുണ്ടായ വിവാദത്തെത്തുടർന്നാണ് വിജേത ദാഹിയയെ സി.ജെ.പി വക്താവ് സ്ഥാനത്തുനിന്ന് നീക്കിയത്. 2026 ജൂലൈയിൽ സി.ജെ.പിയുടെ ‘ചലോ സൻസദ്’ മാർച്ചിനിടെ പൊലീസ് പ്രതിഷേധക്കാർക്കെതിരെ തിരിഞ്ഞപ്പോൾ ദാഹിയ പ്രതിഷേധസ്ഥലത്തുനിന്ന് മാറിയിരുന്നു. ഇതിനിടെ അദ്ദേഹം ബർഗർ കഴിക്കുന്ന വിഡിയോയും പുറത്തുവന്നതോടെ വിമർശനം ശക്തമായി.
പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി വന്ന വിഡിയോയിൽ ബർഗർ കഴിച്ചുകൊണ്ടാണ് ദാഹിയ വിശദീകരണം നൽകിയത്. ഇതിനു പിന്നാലെയാണ് സി.ജെ.പി വക്താവ് സ്ഥാനത്തുനിന്ന് ദാഹിയയെ നീക്കിയത്. അദ്ദേഹത്തിന്റെ പെരുമാറ്റം പാർട്ടിയുടെ തത്ത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് സി.ജെ.പി വ്യക്തമാക്കുകയും ചെയ്തു. 2026 ജൂൺ മൂന്നിനായിരുന്നു ദാഹിയയെ പാർട്ടി വക്താവായി നിയമിച്ചത്. സ്ഥാനത്തുനിന്ന് നീക്കി മാസങ്ങൾക്കുശേഷമാണ് പുതിയ വിഡിയോയിലൂടെ ദാഹിയ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

